LiveTV

Live

Kerala

പ്രചാരണത്തില്‍ സജീവമായി എല്‍.ഡി.എഫ്; മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ച് മറ്റ് മുന്നണികളെക്കാള്‍ ഒരു പടി മുന്നിലെത്തി ഇടത് മുന്നണി.

പ്രചാരണത്തില്‍ സജീവമായി എല്‍.ഡി.എഫ്; മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമായി ഇടത് മുന്നണി. ആറ്റിങ്ങല്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഇന്ന് നടക്കും. പതിനാലാം തീയതിയോടെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ഇടത് മുന്നണി തീരുമാനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ച് മറ്റ് മുന്നണികളെക്കാള്‍ ഒരു പടി മുന്നിലെത്തി ഇടത് മുന്നണി. ഈ ആഴ്ചയോടെ 20 മണ്ഡലങ്ങളിലേയും കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാനാര്‍ഥി എ സമ്പത്തിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ എ.എം ആരിഫിന്‍റെ കണ്‍വെന്‍ഷന്‍ വി.എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളത്ത് പി രാജീവിന്‍റെ മണ്ഡലം കണ്‍വെന്‍ഷന്‍ എം.എ ബേബിയും കോഴിക്കോട് എ പ്രദീപ്കുമാറിന്‍റേത് എം.പി വീരേന്ദ്രകുമാറും ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുന്‍പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണി തീരുമാനം. കാസര്‍കോട്, കണ്ണൂർ, വടകര, ആലത്തൂർ, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കൺവൻഷനുകൾ നാളെ നടക്കും. വടകര കണ്‍വെന്‍ഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്‍ 13ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇടത് മുന്നണിയുടെ 20 സ്ഥാനാര്‍ഥികളും രാവിലെ മുതല്‍ മണ്ഡലത്തില്‍ സജീവമായിരുന്നു.