LiveTV

Live

Kerala

പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി

എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണമെന്നും വാക്കാല്‍ പരാമര്‍ശം

പള്ളിത്തര്‍ക്കത്തിന് കാരണം കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍, സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് കോടതി

പള്ളിത്തര്‍ക്ക കേസുകള്‍ക്ക് കാരണം സ്വത്ത് കുമിഞ്ഞുകൂടുന്നതെന്ന് ഹൈക്കോടതി. സ്വത്തുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ ‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം

പള്ളികളിലെ സ്വത്തുമായി ബന്ധപ്പെട്ടാണ് പള്ളിത്തര്‍ക്ക കേസുകളുണ്ടാകുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. പാലക്കാട് ജില്ലയിലെ ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്. സ്വത്തുക്കള്‍ കുമിഞ്ഞ് കൂടുകയാണ്. അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളൂവെന്നായിരുന്നു ജസ്റ്റിസ് രാജന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ പരാമര്‍ശം. സ്വത്തുക്കള്‍ കണ്ടുകെട്ടാനും കണക്കാക്കാനുമായി ചീഫ് സെക്രട്ടറി അടക്കമുളളവരുടെ സമിതി രൂപീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

പള്ളികള്‍ സ്മാരകങ്ങളാക്കി മാറ്റണം. ഇത് പ്രാര്‍ത്ഥനയ്ക്കോ വിശ്വാസത്തിനോ തടസമാകില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. നിരവധി പള്ളിക്കേസുകള്‍ കോടതിയുടെ പരിഗണനക്കെത്തുന്നു. എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിടാന്‍ മടിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.