LiveTV

Live

Kerala

വരള്‍ച്ച; കാസര്‍കോട് കുംബഡാജെയിലെ കര്‍ഷര്‍ ദുരിതത്തില്‍

കവുങ്ങുകള്‍ വേരുണങ്ങി കടപുഴകി വീഴുകയാണ്. നിലവില്‍ മാര്‍ക്കറ്റിലെ വിലക്കുറവിനൊപ്പം ഫലം നശിച്ച് പോകുന്നത് കൂടി കണക്കിലെടുത്ത് കൊക്കോ കൃഷി ഉപേക്ഷിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

വരള്‍ച്ച; കാസര്‍കോട് കുംബഡാജെയിലെ കര്‍ഷര്‍ ദുരിതത്തില്‍

കാസര്‍കോട് ജില്ലയിലെ കുംബഡാജെ പഞ്ചായത്തില്‍ കര്‍ഷകര്‍ ദുരിതത്തില്‍. വ്യാപകമായി കവുങ്ങുകള്‍ നശിച്ച് പോകുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിളനാശം ബാധിച്ച കൊക്കോ മരങ്ങളും കര്‍ഷകര്‍ക്ക് നഷ്ടം ബാക്കിയാക്കുന്നു, വേനല്‍ കനത്തതോടെ ജലം ലഭ്യമാകാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

കുംബഡാജെ പഞ്ചായത്തിലെ ഏച്ചടുക്കയിലാണ് തോട്ടങ്ങളിലെ കവുങ്ങുകള്‍ വ്യാപകമായി നശിച്ച് പോകുന്നത്. കവുങ്ങുകള്‍ വേരുണങ്ങി കടപുഴകി വീഴുകയാണ്. കൂടാതെ പൂക്കുന്ന കവുങ്ങുകളില്‍ അടക്ക പാകമാകുന്നതിന് മുമ്പ് തന്നെ കൊഴിഞ്ഞ് വീഴുന്നതും കര്‍ഷര്‍ക്ക് നഷ്ടം സമ്മാനിക്കുന്നു. പല തോട്ടങ്ങളിലെയും മറ്റൊരു പ്രധാന കൃഷിയായ കൊക്കോ ഫലങ്ങളുടെ വിളനാശവും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായി. നിലവില്‍ മാര്‍ക്കറ്റിലെ വിലക്കുറവിനൊപ്പം ഫലം നശിച്ച് പോകുന്നത് കൂടി കണക്കിലെടുത്ത് കൊക്കോ കൃഷി ഉപേക്ഷിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

വേനല്‍ കടുക്കുന്നതോടെ ജലലഭ്യത കുറവും കൃഷിക്ക് തിരിച്ചടിയാകും. അടുത്തുള്ള പുഴയില്‍ നിന്നാണ് ഈ പ്രദേശത്തെ കര്‍ഷകര്‍ കൃഷിക്കായി വെള്ളമെടുക്കുന്നത്. ഇപ്പോഴേ വെള്ളം വറ്റിയ നിലയിലാണ് ഈ പുഴ, ഏപ്രില്‍ ആദ്യവാരം മുതല്‍ കൃഷിക്കാവശ്യമായ വെള്ളം കൂടി ലഭിക്കാതാകുമെന്നും കര്‍ഷകന്‍ പറയുന്നു.

അടക്ക, കുരുമുളക്, റബ്ബര്‍ അടക്കമുള്ള വിളകളുടെ മാര്‍ക്കറ്റിലെ വിലക്കുറവിനൊപ്പം വിളനാശവും കൂടി നേരിടുകയാണ് കര്‍ഷകര്‍. ഉദ്പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല കര്‍ഷകരും. വേനല്‍ കൂടി കടുക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലയിലെ കര്‍ഷകര്‍.