LiveTV

Live

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായില്ല; ധാരണയായത് ആറ് മണ്ഡലങ്ങളില്‍ മാത്രം

തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കോഴിക്കോട് എം.കെ രാഘവനും കാസര്‍കോട് സുബ്ബയ്യ റായും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും മത്സരിക്കുമെന്നാണ് ധാരണ.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായില്ല; ധാരണയായത് ആറ് മണ്ഡലങ്ങളില്‍ മാത്രം

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകും. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ എല്ലാ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ധാരണയിലെത്താനായില്ല. ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാരാണെന്ന കാര്യത്തില്‍ ധാരണയായി. സിറ്റിംഗ് സീറ്റുകളായ എറണാകുളവും പത്തനംതിട്ടയും ഉള്‍പ്പടെയുള്ള 10 മണ്ഡലങ്ങളിലാണ് തീരുമാനം ആകാനുള്ളത്. വെള്ളിയാഴ്ച സ്ക്രീനിംഗ് കമ്മിറ്റി വീണ്ടും യോഗം ചേരും.

ഒരു ദിവസം നീണ്ട സ്ക്രീനിംഗ് കമ്മറ്റിക്ക് ശേഷവും അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നൽകാന്‍ കോണ്‍ഗ്രസിനായില്ല. സിറ്റിംഗ് എം.പിമാരില്‍ ശശി തരൂര്‍ തിരുവനന്തപുരത്തും കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയിലും എം.കെ രാഘവന്‍ കോഴിക്കോടും വീണ്ടും മത്സരിക്കും. ആറ്റിങ്ങലില്‍ സിറ്റിംഗ് എം.എല്‍.എ അടൂര്‍ പ്രകാശും കണ്ണൂരില്‍ കെ. സുധാകരനും കാസര്‍കോട് സുബ്ബയ്യ റായും മത്സരിക്കാന്‍ ധാരണ ആയി. ബാക്കി മണ്ഡലങ്ങളില്‍ കൃത്യമായ ധാരണയുണ്ടാക്കാനായില്ല. അതിനാൽ ഈ മാസം 15ന് വീണ്ടും യോഗം ചേരും.

Also read: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മേല്‍ സമ്മർദ്ദം

സിറ്റിംഗ് സീറ്റുകളില്‍ എറണാകുളത്തും പത്തനംതിട്ടയിലും തര്‍ക്കം നിലനില്‍ക്കുന്നതിനാൽ തീരുമാനം എടുക്കാൻ രാഹുൽ ഗാന്ധിക്ക് വിട്ടു. കെ.വി തോമസിന് പകരം എറണാകുളത്ത് ഹൈബി ഈഡന്‍റെ പേര് ഉയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നില്ലെങ്കില്‍ പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി മത്സരിക്കും. ആലപ്പുഴയില്‍ വി.എം സുധീരന്‍റെ പേര് ഐ ഗ്രൂപ്പും പി.സി വിഷ്ണുനാഥിന്റ പേര് എ ഗ്രൂപ്പും മുന്നോട്ട് വെച്ചു.

വടകരയില്‍ മുല്ലപ്പള്ളി അല്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ.കെ രമയെ പരിഗണിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈകമാന്‍ഡിന്‍റേതായിരിക്കും. വയനാട്ടില്‍ അബ്ദുല്‍ മജീദിന്റയും ഷാനിമോള്‍ ഉസ്മാൻറയും പേരുകൾക്ക് മുൻതൂക്കമുണ്ട്. ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും തൃശൂരില്‍ ടി.എന്‍ പ്രതാപനും മത്സരിക്കാന്‍ ഏകദേശ ധാരണയായെന്നാണ് വിവരം.