LiveTV

Live

Kerala

വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം മുസ്‍ലിം സമുദായത്തിന്റെ ഹിതം നോക്കിയാവണമെന്ന് സമസ്ത

മുസ്ലിം സമുദായവുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ളവരെ സ്ഥാനാര്‍ഥിയാക്കണം. 

 വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം മുസ്‍ലിം സമുദായത്തിന്റെ ഹിതം നോക്കിയാവണമെന്ന് സമസ്ത

വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം മുസ്‍ലിം സമുദായത്തിന്റെ ഹിതം നോക്കിയാവണമെന്ന് കോണ്‍ഗ്രസിനോട് സമസ്ത. മുസ്ലിം സമുദായവുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ളവരെ സ്ഥാനാര്‍ഥിയാക്കണം . ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട. സമുദായത്തെ പരിഗണിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് വയനാട് ചുരം കരയാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വരുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വയനാട് സീറ്റില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള പേരുകള്‍ പലതും പുറത്തു വന്നിട്ടുണ്ട്. ഐ ഗ്രൂപ്പിലെ പ്രമുഖനായ ഒരു മുസ് ലിമിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ടേമിലും വയനാടിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിച്ചത്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ അവരുടെ വികാരം കഴിഞ്ഞ രണ്ട് ടേമില്‍ പരിഗണിച്ചോ എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമല്ല. മുസ് ലിം നേതൃത്വത്തോട് കോണ്‍ഗ്രസ് നേതൃത്വം ആശയ വിനിമയം നടത്തിയില്ലെങ്കിലും വയനാട്ടില്‍ നിന്നും രണ്ട് തവണ വിജയിച്ച എം ഐ ഷാനവാസ് സമുദായവുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഇത്തവണ വയനാട്ടിലേക്ക് പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ പലതും 'ഇറക്കുമതി' പട്ടികയില്‍ പെടുത്താവുന്നതാണ്.

കേരളത്തില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ഏക മുസ് ലിം കോണ്‍ഗ്രസ് എം പി സമുദായവുമായി ആശയവിനിമയം നടത്താന്‍ ശേഷിയും താല്‍പര്യവുമുള്ള ആളെങ്കിലും ആയിരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു നിര്‍ബന്ധവുമില്ലേ? മുന്‍കാലങ്ങളില്‍ സമുദായത്തിന്റെ കാര്യത്തില്‍ ലളിതമായി നടപ്പാക്കിയ 'തന്ത്രങ്ങള്‍' ഇനിയും തുടരാമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടോ? മുസ്ലിം സമുദായവുമായി കോണ്‍ഗ്രസിന് ഉണ്ടായിരുന്ന ദുര്‍ബല കണ്ണി എം.ഐ ഷാനവാസിന്റെ മരണത്തോടെ മുറിഞ്ഞു പോയിട്ടുണ്ട്. അത് കെ.പി.സി.സി പ്രസിഡന്റ് ശ്രദ്ധിച്ചിട്ടുണ്ടോ?.അതല്ല , ഇനി അങ്ങനെയൊരു കണ്ണി വേണ്ടതില്ലെന്ന് തീരുമാനിച്ചതാണോ?പട്ടയം ചോദിച്ചും സര്‍ക്കാര്‍ ഭൂമി എഴുതിവാങ്ങിയുമുള്ള ശീലം ഈ സമുദായത്തിനില്ല. എന്തെങ്കിലും അവിഹിത അവകാശം വാങ്ങാനും ഈ സമുദായം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വരാറില്ല.

ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ് ലിംകള്‍ അനേകം പ്രശ്നങ്ങള്‍ നേരിടുന്ന കാലത്ത് അവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ഒരു ജനപ്രതിനിധിയെ നിശ്ചയിക്കുമ്പോള്‍ സമുദായത്തിന്റെ ഹിതം മനസ്സിലാക്കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിക്കേണ്ടതുണ്ട്. ഇനി അതിന് താല്‍പര്യമില്ലെങ്കില്‍ വേണ്ട. ആരെയെങ്കിലും ഇറക്കുമതി നടത്തി തലയില്‍ കെട്ടിയേല്‍പ്പിക്കാമെന്നും സമുദായം പിന്നാലെ വന്നുകൊള്ളുമെന്നും കരുതുന്നുണ്ടോ?കാലം മാറിയത് തിരിഞ്ഞില്ലെങ്കില്‍ പല കോലങ്ങളും കാണേണ്ടിവരും.സമുദായത്തെ പരിഗണിച്ചുവെന്ന് ബോധ്യപ്പെടാത്ത പക്ഷം വയനാട് ചുരം കയറാന്‍ വല്ലാതെ വിയര്‍ക്കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.

വയനാട് സീറ്റില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള പേരുകള്‍ പലതും പുറത്തു വന്നിട്ടുണ്ട്. ഐ ഗ്രൂപ്പിലെ പ്രമുഖനായ...

Posted by Sathar panthaloor on Saturday, March 9, 2019