LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തി

മത്സരിക്കാനുള്ള താല്‍പര്യം പി.ജെ ജോസഫ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും ഇതിനെതിരെ രൂക്ഷ വിമര്‍ശം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നു.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തി

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മത്സരിക്കാനുള്ള താല്‍പര്യം പി.ജെ ജോസഫ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും ഇതിനെതിരെ രൂക്ഷവിമര്‍ശവും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നു.

ഏക സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അറിയിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ പി.ജെ ജോസഫ് ഔദ്യോഗികമായി ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യം മാണി എതിര്‍ത്തു. സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കട്ടെയെന്നായിരുന്നു മാണിയുടെ മറുപടി. തുടര്‍ന്ന് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പി.ജെ ജോസഫിന്റെ നിലപാടിനെതിരെ വിമര്‍ശം ഉയര്‍ന്നു. എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും ആവശ്യം. ഇതോടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയത്. കോട്ടയം നേതാക്കളുമായി ചര്‍ച്ച ചെയ്താകും മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

അണികളുടെ വികാരം കണക്കിലെടുത്ത് കോട്ടയത്ത് മത്സരിക്കാനുള്ള ആവശ്യം ഉപേക്ഷിക്കണമെന്ന് മാണി ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ നേതാക്കളുടെ നിലപാട് എതിരായാല്‍ ജോസഫിന്റെ സാധ്യത മങ്ങും. യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് പി.ജെ ജോസഫിനെ മത്സരംഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പി.ജെ ജോസഫിന് പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വരും.