LiveTV

Live

Kerala

ചന്തേരയിലെ റെയിൽവേ അടിപ്പാതക്ക് പകരമായി ഒറ്റവരി മേൽപ്പാലം നിർമ്മിക്കാൻ ആലോചന

നിലവിലെ അടിപ്പാത ഗതാഗത യോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മേൽപ്പാലം നിർമ്മിക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്. 

 ചന്തേരയിലെ റെയിൽവേ അടിപ്പാതക്ക് പകരമായി ഒറ്റവരി മേൽപ്പാലം നിർമ്മിക്കാൻ ആലോചന

കാസർകോട് ചന്തേരയിലെ റെയിൽവേ അടിപ്പാതക്ക് പകരമായി ഒറ്റവരി മേൽപ്പാലം നിർമ്മിക്കാൻ ആലോചന. നിലവിലെ അടിപ്പാത ഗതാഗത യോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മേൽപ്പാലം നിർമ്മിക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്. പദ്ധതി നിർദ്ദേശത്തിന് റെയിൽവെയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഒന്നര കോടി രൂപ ചെലവിട്ട് നിർമ്മിച്ച നാട്ടുകാർക്ക് ഉപകാരപ്പെടാതെ പോയ ചന്തേരയിലെ റെയിൽവേ അടിപ്പാത ഒടുവിൽ പൂർണമായും ഉപേക്ഷിക്കുന്നു. പകരം നാട്ടുകാരുടെ ഗതാഗത സൗകര്യത്തിനായി സിംഗിൾ ഫ്ലൈഓവർ ബ്രിഡ്ജ് അഥവാ ചെറു മേൽപ്പാലം നിർമ്മിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ജില്ലാ കലക്ടർ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ റെയിൽവേയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. രണ്ടര കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതാണ് മേൽപ്പാലം. വിശദമായ പദ്ധതി റിപ്പോർട്ട് റെയിൽവേക്ക് മുന്നിൽ സമർപ്പിക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്. പ്രവർത്തനങ്ങൾ നല്ല രീതിയിൽ നയിക്കുന്നതിനായി പ്രാദേശികമായി ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നിലപാട് അറിയുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ പിലിക്കോട് പഞ്ചായത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികൾ പരിസരവാസികൾ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചാൽ തുക കണ്ടെത്തി നൽകാനുള്ള എല്ലാ ശ്രമങ്ങളും ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

2015 ൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.48 കോടി രൂപാ ചെലവഴിച്ചായിരുന്നു സബ് വേ നിർമ്മാണം. വെളള കെട്ട് കാരണം സബ് വേ നാട്ടുകാർക്ക് ഉപകാരപ്പെട്ടിട്ടിരുന്നില്ല. എല്ലാ പ്രതീക്ഷകളും കൈവിട്ട നാട്ടുകാർക്ക് മുന്നിലേക്കാണ് മേൽപ്പാലം എന്ന ആശയം എത്തിയിരിക്കുന്നത്. ഇനി ഇതിനുവേണ്ടി എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന് മാത്രമാണ് നാട്ടുകാർക്ക് ചോദിക്കാനുള്ളത്.