LiveTV

Live

Kerala

കാര്യമായ പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിന്റെ ആശ്വാസത്തില്‍ ഇടത് നേതൃത്വം

20 സ്ഥാനാര്‍ത്ഥികളില്‍ ആറ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയ ഇടത് മുന്നണി അത് വഴി തെരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്

കാര്യമായ പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിന്റെ ആശ്വാസത്തില്‍ ഇടത് നേതൃത്വം

സീറ്റ് ലഭിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കുള്ള അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് ഇടത് നേതൃത്വം. കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച സി.പി.എം ഇത്തവണ ഒരു സീറ്റ് കൂടി ഏറ്റെടുത്തതില്‍ മറ്റ് ഘടകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. 20 സ്ഥാനാര്‍ത്ഥികളില്‍ ആറ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയ ഇടത് മുന്നണി അത് വഴി തെരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Also read: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ഒരു സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി മുന്നണി വിട്ട് യു.ഡി.എഫിനൊപ്പം പോയത്. 20 സീറ്റ് സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുത്തപ്പോള്‍ കഴിഞ്ഞ തവണത്തേത് പോലുള്ള സാഹചര്യം ഇത്തവണയും ഉണ്ടാകുമോ എന്ന ആശങ്ക നേതൃതലത്തില്‍ വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടി ഘടകകക്ഷികളുടെ പ്രതിഷേധം മറികടക്കാന്‍ സി.പി.എമ്മിനായി. എന്നാല്‍ തെരഞ്ഞെടുപ്പായതിനാലാണ് ഘടകക്ഷികള്‍ മൗനം പാലിക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില പരസ്യപ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും സി.പി.എം മറ്റ് ഘടകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാനുള്ള സാധ്യത തള്ളിക്കയാനാവില്ല. അതേസമയം നിലവിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മുന്നണി യോഗത്തിനുള്ളിലൊതുങ്ങിയതും സി.പി.എമ്മിന് ആശ്വാസമായി. സി.പി.എം നാലും സി.പി.ഐ രണ്ടും എം.എല്‍.എമാരെ രംഗത്തിറക്കിയതും ഈ അടുത്ത കാലത്തൊന്നും കാണാത്ത രാഷ്ട്രീയ നീക്കവുമാണ്.

എം.എല്‍.എമാര്‍ ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുകയെന്ന വെല്ലുവിളിക്കപ്പുറം ശബരിമല അടക്കമുള്ള വിവാദങ്ങള്‍ സര്‍ക്കാരിനേയും മുന്നണിയേയും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയായിട്ടാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഇടത് നേതൃത്വം കണ്ടത്. സാധാരണ കണ്ട് വരുന്നത് പോലെ ജാതി മത സമവാക്യങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരിഗണിക്കാതെ വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിയാണ് സി.പി.എം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പാര്‍ലമെന്ററി രംഗത്ത് മികച്ച ഇടപെടല്‍ നടത്തിയവരെ പരിഗണിച്ചിട്ടുണ്ടെന്നും സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക നോക്കിയാല്‍ വ്യക്തമാകും.