LiveTV

Live

Kerala

സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍.ജെ.ഡി

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും എല്‍.ജെ.ഡി കോഴിക്കോട് ജില്ല കമ്മിറ്റി വ്യക്തമാക്കി.

സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍.ജെ.ഡി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ ഘടകം. സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ എല്‍.ജെ.ഡി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശം. മുന്നണി മാറുമ്പോള്‍ വടകരയോ കോഴിക്കോടോ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അത് വാങ്ങിയെടുക്കാന്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

വടകരയോ കോഴിക്കോടാ വാങ്ങിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. നേതൃത്വം കോഴിക്കോട് ജില്ലാകമ്മറ്റിക്കും ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന ഉറപ്പില്‍ വടകരയില്‍ പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ വരെ നടത്തിയിരുന്നെന്നും ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഇടത് മുന്നണിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അവഗണനക്കെതിരെ പ്രതിഷേധിക്കും. പ്രതിഷേധം എങ്ങനെ വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി ഏറ്റവും ശക്തമായ കോഴിക്കോട്ടെ പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തിനായില്ല. എല്‍.ജെ.ഡിയുടെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലാകുമെന്നും ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്ന അഭിപ്രായവും കമ്മിറ്റിയില്‍ ഉയര്‍ന്നു. 11ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.