LiveTV

Live

Kerala

സീറ്റ് തര്‍ക്കം; കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം

പി.ജെ ജോസഫിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണവും മാണി വിഭാഗം ഉയര്‍ത്തുന്നു...

സീറ്റ് തര്‍ക്കം; കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം

കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് വേണമെന്ന ആവശ്യത്തില്‍ പി.ജെ ജോസഫ് ഉറച്ച് നില്‍കുന്നതോടെ നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം മാണി വിഭാഗം ഉയര്‍ത്തും. അങ്ങനെ വന്നാല്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. പി.ജെ ജോസഫിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന ആരോപണവും മാണി വിഭാഗം ഉയര്‍ത്തുന്നുണ്ട്. കോട്ടയം സീറ്റ് വെച്ചുമാറില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

നിലവില്‍ കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത് പി.ജെ ജോസഫാണെന്ന വിലയിരുത്തലാണ് മാണി വിഭാഗത്തിന് ഉള്ളത്. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന നീക്കമാണ് സീറ്റ് ചോദിച്ചതിലൂടെ ജോസഫ് കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പി.ജെ ജോസഫിന്റെ സീറ്റാവശ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് മാണിവിഭാഗത്തിന്റെ തീരുമാനം. നാളെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പി.ജെയുടെ സീറ്റാവശ്യത്തെ ശക്തമായി മാണി വിഭാഗം എതിര്‍ക്കും. കോട്ടയം സീറ്റ് ഒരു കാരണവശാലം അതുകൊണ്ട് തന്നെ വെച്ച് മാറില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

മാണി വിഭാഗത്തിലെ ഒരു യുവനേതാവിനെ കോട്ടയത്ത് മത്സരിപ്പിക്കാനാണ് മാണിവിഭാഗം ശ്രമിക്കുന്നത്. ആയതിനാല്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള മാണി വിഭാഗത്തിന് പി.ജെയുടെ നീക്കങ്ങളെ ചെറുക്കാനാകും. മോന്‍സ് ജോസഫ് അടക്കമുളളവര്‍ നിലപാട് കടുപ്പിച്ചാല്‍ രണ്ടില പിളരാനുള്ള സാധ്യതയും ഏറെയാണ്.