LiveTV

Live

Kerala

വയനാട് പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

വയനാട് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെടിവെപ്പ് നടന്ന് രണ്ട് ദിവസം പിന്നിടവെയാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്...

വയനാട് പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

വയനാട് ലക്കിടിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്.പി ഡോക്ടര്‍ ശ്രീനിവാസനാണ് അന്വേഷണ സംഘത്തലവന്‍. റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതിന്റെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വയനാട് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെടിവെപ്പ് നടന്ന് രണ്ട് ദിവസം പിന്നിടവെയാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്.പി ഡോ. ശ്രീനിവാസന്‍, കോഴിക്കോട് യൂണിറ്റ് ഡി.വൈ.എസ്.പി രാധാകൃഷ്ണന്‍ എന്നിവര്‍ വൈകിട്ട് മൂന്ന് മണിയോടെ റിസോര്‍ട്ടിലെത്തി ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചാണ് സംഘം മടങ്ങിയത്.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് യു.എ.പി.എ പ്രകാരവും, ഭീഷണിപ്പെടുത്തി പണം തട്ടിയതിന്റെ പേരില്‍ 392ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

സംഭവത്തില്‍ മുഖ്യമന്ത്രി തുടരുന്ന നീണ്ട മൗനം സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിക്ഷ്പക്ഷമായ അന്വേഷണം വേണം. മാവോയിസ്റ്റുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന് പകരം പൊലീസ് നടത്തിയ കൊലപാതകം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.