LiveTV

Live

Kerala

സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

നാലുവർഷം പൂർത്തിയാക്കിയ 56 വയസ് പിന്നിട്ട രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവർ സ്ഥാനം ഒഴിയണമെന്ന് ഓർഡിനൻസിൽ പറയുന്നു.

 സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്തെ സർവകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. നാലുവർഷം പൂർത്തിയാക്കിയ 56 വയസ് പിന്നിട്ട രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവർ സ്ഥാനം ഒഴിയണമെന്ന് ഓർഡിനൻസിൽ പറയുന്നു. ഇതോടെ 9 സർവകലാശാലകളിൽ നിന്നായി 36 ഉദ്യോഗസ്ഥരുടെ സ്ഥനം തെറിക്കും.

രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലേക്ക് കാലയളവ് കൂടാതെ 60 വയസുവരെ തുടരാമെന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ ഇനി മുതൽ ഈ മൂന്ന് തസ്തികകളുടെ കാലാവധി നാലു വർഷവും, പ്രായം 56ഉം ആക്കി നിജപ്പെടുത്തി. ഇതോടെ ഇപ്പോൾ സർവീസിലുള്ള 36 പേർക്കാണ് സ്ഥാന ചലനം സംഭവിക്കുന്നത്. സ്ഥാനം നഷ്ടമാകുന്നവർ തിരികെ ഏത് ജോലിയിൽ പ്രവേശിക്കണമെന്നതടക്കമുള്ള വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സ്ഥാനനഷ്ടം സംഭവിക്കുന്നവർ പറയുന്നു. ഈ പ്രശ്നം ഉന്നയിച്ച് കോടതിയെസമീപിക്കാനൊരുങ്ങുകയണിവർ.

എന്നാൽ തസ്തികകളിലെ നിയമനങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ് ചെയ്തതെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ ഈ സ്ഥാനത്ത് തുടരുന്നവർ ഡെപ്പ്യൂട്ടേഷനുൾപ്പടെ സ്വീകരിച്ച് മറ്റ് ജോലിക്ക് പോകുമ്പോൾ ഇവ മറ്റുള്ളവരുടെ താൽകാലിക ചുമതലകളിലേക്ക് മാറുന്നു. ഇത് സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ സർവകലാശാലകളുടെ സുഗമമായ നടത്തിപ്പിനാണ് പുതിയ മാനദണ്ഡങ്ങളെന്നാണ് സർക്കാർ ന്യായം. സർക്കാർ ഓർഡിനൻസ് സർവകലാശാലകൾ നടപ്പാക്കാൻ മടിക്കുകയോ കോടതി ഇടപെടലുണ്ടാകുകയോ ചെയ്താൽ നടപടി വിവാദമാവാൻ സാധ്യതയുണ്ട്. സർക്കാർ അനുകൂലികളെ നിയമിക്കാനുള്ള നീക്കമെന്നാരോപിച്ച് സർക്കാർ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.