LiveTV

Live

Kerala

മലപ്പുറത്തിന്‍റെ കലാ, കായിക പ്രതിഭകളെ മീഡിയവണ്‍ ആദരിക്കും 

കലാ, കായിക മേഖലയിൽ മലപ്പുറത്തെ അടയാളപ്പെടുത്തിയ പ്രതിഭകളെ മാർച്ച് 10ന് മീഡിയവൺ സംഘടിപ്പിക്കുന്ന മലപ്പുറത്തിന്റെ അന്‍പതാണ്ട് എന്ന പരിപാടിയിൽ ആദരിക്കും.

മലപ്പുറത്തിന്‍റെ കലാ, കായിക പ്രതിഭകളെ മീഡിയവണ്‍ ആദരിക്കും 

കലാ, കായിക മേഖലയിൽ മലപ്പുറത്തെ അടയാളപ്പെടുത്തിയ നിരവധി പേരാണ് ജില്ലയിലുള്ളത്. ഫുട്ബോളും സിനിമയും തുടങ്ങി വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി പേർക്ക് ജില്ല ജന്മം നൽകി. ഈ പ്രതിഭകളെ മീഡിയവൺ ആദരിക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകനും 2006ലെ ജെ.സി ഡാനിയേൽ പുരസ്കാര ജേതാവുമായ മങ്കട രവിവർമ്മ മലപ്പുറത്തിന്റെ മണ്ണിൽ നിന്നാണ് മിഴി തുറന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ കാഴ്ചയെ സമ്പന്നമാക്കിയ തിരക്കഥാകൃത്ത് ടി.എ റസാഖും ആറ് പതിറ്റാണ്ടുകളിലേറെയായി മലയാള നാടകവേദികളിലെ സജീവ സാന്നിധ്യമായ നിലമ്പൂർ ആയിഷയും ജില്ലയുടെ പ്രതിഭകളാണ്. കഥാകാരനും തിരക്കഥാകൃത്തുമായ ഇഖ്ബാല്‍ കുറ്റിപ്പുറവും അഭ്രപാളിയിൽ മലപ്പുറത്തിന്റെ സ്നേഹസമ്പന്നമായ കഥ പറഞ്ഞ നവാഗത സംവിധായകൻ സക്കരിയ മുഹമ്മദും മലപ്പുറത്തെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തി. പ്രശസ്ത കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ, ജാലവിദ്യാരംഗത്ത് ശ്രദ്ധേയനായ ഗോപിനാഥ് മുതുകാട്, പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരി, സോപാന സംഗീത കുലപതി ഞരളത്ത് രാമപ്പൊതുവാൾ തുടങ്ങിയവരും മലപ്പുറത്തിന്റെ സംഭാവനകളാണ്.

കായിക മേഖലയിലും ജില്ല ഒട്ടും പുറകിലല്ല. ലണ്ടൻ ഒളിമ്പിക്സിലൂടെ ദേശീയ റെക്കോർഡിലേക്ക് നടന്നുകയറിയ കെ.ടി ഇർഫാനും ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ഷറഫലിയും മുൻ ഇന്ത്യൻതാരം മലപ്പുറം മൊയ്തീൻ കുട്ടിയും ഇന്ത്യൻ ടീമിലെ പ്രതിരോധ താരമായിരുന്ന അനസ് എടത്തൊടികയും കേരള ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ആസിഫ് സഹീറും മലപ്പുറത്തിന്റെ കളി മൈതാനങ്ങളിൽ നിന്നാണ് ബൂട്ടുകെട്ടി തുടങ്ങിയത്. കലാ, കായിക മേഖലയിൽ മലപ്പുറത്തെ അടയാളപ്പെടുത്തിയ ഈ പ്രതിഭകളെ മാർച്ച് 10ന് മീഡിയവൺ മലപ്പുറത്ത് സംഘടിപ്പിക്കുന്ന മലപ്പുറത്തിന്റെ അന്‍പതാണ്ട് എന്ന പരിപാടിയിൽ ആദരിക്കും.