LiveTV

Live

Kerala

മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയേറുന്നു

ആദ്യം വെടിയുതിര്‍ത്തത് പൊലീസാണെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍. പ്രദേശവാസികള്‍ക്ക് പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആക്ഷേപം.

മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍  കൊല്ലപ്പെട്ടതില്‍ ദുരൂഹതയേറുന്നു

പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയേറുന്നു. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം. അതേസമയം ആദ്യം വെടിയുതിര്‍ത്തത് പൊലീസാണെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍. പ്രദേശവാസികള്‍ക്ക് പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്.

ലക്കിടിയില്‍ ദേശീയപാതയോരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെടിവെപ്പ് നടന്ന് 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്‍റെ മരണം സ്ഥിരീകരിച്ചത്. ആത്മരക്ഷാര്‍ത്ഥം പൊലീസ് നടത്തിയ വെടിവെപ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന വാദത്തിന് വിരുദ്ധമായാണ് റിസോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ കനത്ത പൊലീസ് സുരക്ഷയുണ്ടായിരുന്ന ലക്കിടിയില്‍ വൈകുന്നേരത്തോടെ പൊലീസ് പിരിഞ്ഞു പോയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. പൊലീസ് സുരക്ഷ റിസോര്‍ട്ടിന് മാത്രമാണെന്നും തങ്ങള്‍ ഭീതിയിലായിരുന്നെന്നുമാണ് തൊട്ടടുത്ത വീട്ടുകാര്‍ പ്രതികരിച്ചത്.

ജലീലിന്‍റെ കൂടെ ഉണ്ടായിരുന്നയാളെ മുഖം മൂടി ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ലെന്നും, വെടിയേറ്റ ഇയാള്‍ റിസോര്‍ട്ടിനു പിന്നിലെ കാട്ടിലേക്ക് കടന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ സായുധരായ തണ്ടര്‍ ബോള്‍ട്ട് സംഘം തെരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നതും ദുരൂഹമാണ്.