LiveTV

Live

Kerala

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരമായി വീണ്ടും ചര്‍ച്ച നടത്തിയത്.

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലീഗിന് മൂന്നാം സീറ്റില്ലാതെ ലീഗ് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി. പകരം മുന്നോട്ട് വെച്ച ഉപാധികളില്‍ പലതും ഉടന്‍ നടപ്പാക്കാന്‍ കഴിയാത്തതിനാലും സമവായ ഫോര്‍മുല ഉരുത്തിരിഞ്ഞില്ല. നാളെ തീരുമാനം അറിയിക്കാമെന്ന് ലീഗ് കോണ്‍ഗ്രസിനെ അറിയിച്ചു

മുമ്പ് രണ്ട് തവണ നടന്ന ചര്‍ച്ചകളിലും സ്വീകരിച്ച നിലപാട് തന്നെയായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്. മൂന്നാമതൊരു സീറ്റ് കൂടി നല്‍കുക പ്രായോഗികമല്ലെന്ന കടുത്ത നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതിന് ഹൈക്കമാന്റ് അനുമതി നല്‍കില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ അറിയിച്ചു. യു.ഡി.എഫിന്റെ ഐക്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു. രാജ്യസഭാ സീറ്റടക്കമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള കാലതാമസം ബദല്‍ ഫോര്‍മുലയ്ക്കും തടസമായി.

ഉഭയകക്ഷി ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങളെല്ലാം നാളെ ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. നാളത്തെ യോഗത്തിന് ശേഷം ലീഗ് തീരുമാനം അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചു. വടകര, വയനാട് സീറ്റുകളില്‍ ലീഗിന് കൂടി സ്വീകാര്യമായ സ്ഥാനാര്‍ഥികള്‍ എന്നതടക്കമുള്ള ഫോര്‍മുലകള്‍ മുന്നോട്ട് വെച്ചതായാണ് സൂചനകള്‍.