LiveTV

Live

Kerala

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍

മെത്രാധിപത്യമല്ല, ജനാധിപത്യമാണ് സഭകളില്‍ നടപ്പാക്കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ഓള്‍ കേരള ചര്‍ച്ച് ആക്ട്  ആക്ഷന്‍ കൌണ്‍സില്‍

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍ രംഗത്തെത്തി. പ്രതിഷേധങ്ങളെ തുടര്‍ന്ന് കരട് വെബ്‍സൈറ്റില്‍ നിന്നും പിന്‍വലിച്ച പശ്ചാത്തലത്തില്‍ നിയമ പരിഷ്കരണ കമ്മീഷന്‍ ഓഫീസിലേക്ക് കാല്‍നട യാത്ര നടത്തി. മെത്രാധിപത്യമല്ല, ജനാധിപത്യമാണ് സഭകളില്‍ നടപ്പാക്കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

നിയമ പരിഷ്കരണ കമ്മീഷന്‍ ചര്‍ച്ച് ആക്ടുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നത്. ഇത് സര്‍ക്കാരിന് വെല്ലുവിളിയായതോടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ചര്‍ച്ച് ആക്ടിന്റെ കരട് ബില്ല് ഇന്നലെ പിന്‍വലിച്ചു. എന്നാല്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സില്‍. ഈ ആവശ്യം ഉന്നയിച്ച് ഭരണ പരിഷ്കരണ കമ്മീഷന്റെ കോട്ടയത്തെ ഓഫീസിലേക്ക് കാല്‍നടയാത്രയും സംഘടിപ്പിച്ചു. നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

2009ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ കൊണ്ടുവന്ന ബില്‍ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ ജസ്റ്റിസ് കെ.ടി തോമസ് കൊണ്ടുവന്ന ബില്ല് പരിഷ്കരിച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. നേരത്തെ ബില്ലിനെതിരെ ക്രൈസ്തവ സഭാനേതൃത്വം പ്രതിഷേധ യോഗം ചേരുകയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇടയലേഖനം വായിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.