LiveTV

Live

Kerala

വയനാട് റിസോര്‍ട്ടിലുണ്ടായ വെടിവെപ്പിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

തൊട്ട് മുമ്പ് റോട്ടിലിറങ്ങിയ കൊമ്പനാനയെ തുരത്താനുള്ള ശ്രമമായിരിക്കുമെന്നാണ് അടുത്ത വീട്ടുകാര്‍ കരുതിയത്.

വയനാട് റിസോര്‍ട്ടിലുണ്ടായ വെടിവെപ്പിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

വയനാട്ടിലെ ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ വെടിവെപ്പിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. ഇന്നലെ വൈകിട്ട് ഏഴരയോടെ ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ നാലര വരെ നീണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു മാവോയിസ്റ്റ് കാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ ലക്കിടിയിലും പരിസരത്തും വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച ജലീലിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വൈകീട്ട് 7.30 ശേഷം ലക്കിടിയിലെ തപോവന്‍ റിസോര്‍ട്ടിനകത്ത് നിന്ന് കേട്ട വെടിയൊച്ച ആദ്യം നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. തൊട്ട് മുമ്പ് റോട്ടിലിറങ്ങിയ കൊമ്പനാനയെ തുരത്താനുള്ള ശ്രമമായിരിക്കുമെന്നാണ് അടുത്ത വീട്ടുകാര്‍ കരുതിയത്. പിന്നീട് തുടര്‍ച്ചയായുള്ള വെടിയൊച്ചകളും പൊലീസ് വാഹനങ്ങളുടെ ഇരമ്പലും കേട്ടതോടെയാണ് മാവോയിസ്റ്റ് ഏറ്റുമുട്ടലാണെന്ന കാര്യം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്.

രാത്രി എട്ട് മണിയോടെ തന്നെ സമീപത്തെ വീടുകളിലും കടകളിലുമെല്ലാം ലൈറ്റണക്കാന്‍ ആവശ്യപ്പെട്ട പൊലീസ് വീട്ടുകാരോട് പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിരുന്നു. വൈത്തിരി വഴിയുള്ള വാഹന ഗതാഗതവും അല്‍പസമയം തടസപ്പെട്ടു. രാത്രി വൈകിയും വെടിയൊച്ചകള്‍ ആവര്‍ത്തിച്ചതോടെ വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. പലരും ഭയന്ന് വിറച്ചാണ് പുലരും വരെ കഴിച്ചു കൂട്ടിയത്.

നേരം പുലര്‍ന്നതോടെ തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പൊലീസ് സേനയും സ്ഥലത്തെത്തി. ഉന്നത പൊലീസുദ്യോഗസ്ഥരടക്കം ലക്കിടിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇത് വരെയും ലക്കിടിയും പരിസരവും കനത്ത പൊലീസ് സുരക്ഷയിലായിരുന്നു.