LiveTV

Live

Kerala

സുശീൽ ഖന്ന അന്തിമ റിപ്പോർട്ട്; താത്കാലിക ജീവനക്കാര്‍ ആശങ്കയില്‍

ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

സുശീൽ ഖന്ന അന്തിമ റിപ്പോർട്ട്; താത്കാലിക ജീവനക്കാര്‍ ആശങ്കയില്‍

കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തെ കുറിച്ച് സുശീൽ ഖന്ന അന്തിമ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ നിലവിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ ആണ് ആശങ്ക ഉയരുന്നത് . ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബസുകളുടെ എണ്ണം കൂട്ടി ജീവനക്കാരെ സംരക്ഷിക്കണമെന്നാണ്‌ യൂണിയനുകളുടെ ആവശ്യം.

2016ലാണ് കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഐ.ഐ.എമ്മിലെ പ്രൊഫസറായിരുന്ന സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്. 2017 ഫെബ്രുവരിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതിൽ നിന്ന് വലിയ മാറ്റമില്ലാതെയാണ് അന്തിമ റിപ്പോർട്ടും തയ്യാറാക്കിയത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയായ 5.2 ൽ എത്തിക്കണമെന്നതാണ് പ്രധാന ശിപാർശ. 29,000 സ്ഥിരം ജീവനക്കാരും 3600 താത്കാലിക ജീവനക്കാരുമടക്കം 32,500 ജീവനക്കാരാണുള്ളത്. 4500 ബസുകളുമുണ്ട്. അങ്ങനെയെങ്കിൽ ജീവനക്കാരും ബസും തമ്മിലുള്ള ആനുപാതം 7.2. ജീവനക്കാരെ കുറയ്ക്കുകയാണെങ്കിൽ അത് ചെന്നെത്തുക താത്കാലിക ജീവനക്കാരുടെയടുത്താണ്. 1800 ബസുകൾ കട്ടപ്പുറത്താണ്. ഇവയെ കൂടി നിരത്തിലിറക്കിയാൽ ഇത് ഒഴിവാക്കാമെന്നാണ് യുണിയനുകൾ പറയുന്നത്.

നിലവിലുള്ള താത്കാലിക ജീവനക്കാരെ സംരക്ഷിക്കണമെന്നതാണ് സർക്കാർ നയം. റിപ്പോർട്ടിനെ കുറിച്ച് പഠിച്ച് എന്തൊക്കെ ചെയ്യാം എന്നുള്ളത് അറിയിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുളളിൽ അറിയിക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിർദേശം.