LiveTV

Live

Kerala

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കാരപ്പറമ്പ് സ്‌കൂളിന്റെ പുതിയ മുഖം

പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പ്രിസം പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് സ്‌കൂളില്‍ പൂര്‍ത്തിയാക്കിയത്...

അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കാരപ്പറമ്പ് സ്‌കൂളിന്റെ പുതിയ മുഖം

പ്രിസം പദ്ധതിയുടെ ചിറകിലേറി കോഴിക്കോട് കാരപ്പറമ്പ് സര്‍ക്കാര്‍ സ്‌കൂളിന് ഇനി പുതിയ മുഖം. സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ സ്‌കൂളായി കൂടി കാരപ്പറമ്പ് മാറും. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

നൂറില്‍ താഴെ കുട്ടികളുമായി അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതാണ് കാരപ്പറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ചരിത്രം. എ പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പ്രിസം പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് സ്‌കൂളില്‍ പൂര്‍ത്തിയാക്കിയത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ലാബുകള്‍, ഡൈനിങ് ഹാള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, ലൈബ്രററി, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ആംഫി തീയറ്റര്‍ എന്നിങ്ങനെ സംസ്ഥാനത്തെ മുന്‍നിര കലാലയങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് പുതിയ രൂപകല്‍പന. പരമ്പരാഗത സ്‌കൂള്‍ കെട്ടിട നിര്‍മാണ രീതികളെ ഒഴിവാക്കി മരങ്ങള്‍ നശിപ്പിക്കാതെയായിരുന്നു കെട്ടിട നിര്‍മാണം.

അമ്മമാര്‍ക്കുള്ള വിശ്രമമുറി, റിസപ്ഷ്യന്‍ ലോഞ്ച് മുതല്‍ 30 കിലോവാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വികസനത്തിന് ആവശ്യമായ മുഴുവന്‍ പണവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് സമാഹരിച്ചപ്പോള്‍ പുസ്തകങ്ങള്‍ നല്‍കി ഡി.സി ബുക്‌സും കെട്ടിടങ്ങളുടെ രൂപ കല്‍പന നടത്തി ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലും പ്രിസം പദ്ധതിക്ക് കൈത്താങ്ങായി.