LiveTV

Live

Kerala

മലപ്പുറം ജില്ലാ രൂപീകരണത്തില്‍ നിർണായക പങ്കുവഹിച്ചവരെ മീഡിയവൺ ആദരിക്കുന്നു

മലപ്പുറത്തിന്റെ മാത്രമല്ല, മറിച്ച് ഒരു നാടിന്റെ ആകെ പുരോഗതിക്കായി പ്രവർത്തിച്ച നിരവധി മഹാരഥന്മാരുടെ മണ്ണാണ് മലപ്പുറം.

മലപ്പുറം ജില്ലാ രൂപീകരണത്തില്‍ നിർണായക  പങ്കുവഹിച്ചവരെ മീഡിയവൺ ആദരിക്കുന്നു

മലപ്പുറത്തിന്റെ രൂപീകരണം മുതൽ ജില്ലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച രാഷ്ട്രീയ പ്രവർത്തകർ ഏറെയാണ്. മലപ്പുറത്തിന്റെ മാത്രമല്ല, മറിച്ച് ഒരു നാടിന്റെ ആകെ പുരോഗതിക്കായി പ്രവർത്തിച്ച നിരവധി മഹാരഥന്മാരുടെ മണ്ണാണ് മലപ്പുറം. ജില്ലാ രൂപീകരണത്തിന്റെ അര നൂറ്റാണ്ട് പിന്നിടുമ്പോൾ, ഇവരിൽ പ്രഗല്‍ഭരായ 9 പേരെ മീഡിയവൺ ആദരിക്കുകയാണ്.

പെരിന്തല്‍മണ്ണക്കടുത്തുള്ള ഏലംകുളം ഗ്രാമത്തില്‍ നിന്നാണ് മലപ്പുറത്തിന്‍റെ രാഷ്ട്രീയപ്പെരുമ ആരംഭിക്കുന്നത്. ജില്ലയുടെ രൂപീകരണത്തിൽ നെടുനായകത്വം വഹിച്ച ഇ.എം.എസിനെ മലപ്പുറം ജില്ലയുടെ പിതാവ് എന്ന നിലയ്ക്കാണ് മീഡിയ വൺ ആദരിക്കുന്നത്. മലപ്പുറത്തിന്റെ മനം കയ്യടക്കുകയും, തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സർവകലാശാല സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത സി.എച്ച് മുഹമ്മദ് കോയയും, മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദലി ശിഹാബ് തങ്ങളും, പ്രായോഗിക രാഷ്ട്രീയത്തിലൂടെ ജനഹൃദയം കവർന്ന ഇമ്പിച്ചി ബാവയും മലപ്പുറത്തിന്റെ യശസ്സ് വാനോളമുയർത്തി.

മുൻ മന്ത്രി യു.എ ബീരാനും മുൻ ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടി നഹയും, മുൻ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയും, ജില്ലയുടെ പ്രൗഢിയാണ്. കൊളാടി ഗോവിന്ദൻകുട്ടി വക്കീലും, കെ.പി രാമനും എക്കാലത്തും മലപ്പുറത്തിന് അഭിമാനമാണ്. ജില്ലയുടെ സമഗ്ര പുരോഗതിയിൽ പങ്കുവഹിച്ച ഈ മഹാരഥൻമാരെ മാർച്ച് 10 ന്, മീഡിയവൺ സംഘടിപ്പിക്കുന്ന ‘മലപ്പുറത്തിന്റെ അമ്പതാണ്ട്’ പരിപാടിയിൽ ആദരിക്കും.