യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ ഇറക്കി ഇടത് മുന്നണി
അഞ്ച് എം.എല്‍.എമാരാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ ഇറക്കി ഇടത് മുന്നണി. അഞ്ച് എം.എല്‍.എമാരാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. സി.പി.എം മൂന്നും സി.പി.ഐ രണ്ടും എം.എല്‍.എമാരെയാണ് പോരാട്ടത്തിനിറക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാണ് എം.എല്‍.എമാരുടെ സ്ഥാനാര്‍ഥിത്വം. വിജയസാധ്യത മാത്രമാണ് അടിസ്ഥാനമെന്നു പറയുമ്പോഴും കാരണങ്ങള്‍ ഏറെയാണ്. ബംഗാളിലും ത്രിപുരയിലും സി.പി.എം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കേരളത്തില്‍ പരമാവധി സീറ്റും വോട്ടും ഉറപ്പാക്കണം. സി.പി.എമ്മിന്റെയും സി.പി.ഐയുടേയും നിലനില്പിനു കൂടി അത് ആവശ്യമാണ്. അഞ്ചിടത്തും വിജയസാധ്യതയുള്ള മറ്റുപേരുകള്‍ കണ്ടെത്താനാകാത്തതും എം.എല്‍.എമാരെ രംഗത്തിറക്കാന്‍ കാരണമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടും ലോകസ്ഭ തെരഞ്ഞെടുപ്പില്‍ തോല്വിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് എഎം ആരിഫിനെ രംഗത്തിറക്കാന്‍ സി.പി.എമ്മിന് പ്രചോദനമായത്. മൂന്നാം വിജയം തേടുന്ന കെ.സി വേണുഗോപാലെന്ന തടയുകയാണ് ലക്ഷ്യം. ശബരിമല വിവാദങ്ങള്‍ക്ക് പിന്നാലെ പത്തനംതിട്ട തിരിച്ചുപിടിക്കേണ്ടതും അഭിമാന പ്രശ്നമായി. അതിന് സിപിഎം ആലോചിക്കുന്നത് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ. വീണ ജോര്‍ജ്ജിന് താത്പര്യമില്ലെങ്കില്‍ രാജു എബ്രഹാമിനെ തന്നെ സി.പി.എം രംഗത്തിറക്കിയേക്കും.
കോഴിക്കോട് എം.കെ രാഘവനുള്ള പ്രതിഛായ മറികടക്കാന്‍ സിപിഎമ്മിലെ ജനപ്രിയ നേതാവ് എ.പ്രദീപ്കുമാറിനെ രംഗത്തിറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മൂന്നു ടേം തുടര്‍ച്ചയായി എം.എല്‍.എയായ പ്രദീപ് കുമാറിലൂടെ കോഴിക്കോട് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് ജയിക്കാനാകാത്ത പാര്‍ട്ടിയെന്ന നാണക്കേട് മാറ്റുക മാത്രമല്ല, പേയ്മെന്റ് സീറ്റെന്ന ചീത്തപ്പേര് മറക്കാനും സി.പി.ഐക്ക് ഇവിടെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് മുതിര്‍ന്ന നേതാവ് സി.ദിവാകരനെ തിരുവനന്തപുരത്ത് പരിഗണിച്ചതും. ചിറ്റയം ഗോപകുമാറിന്റെ ജനപ്രീതി മാവേലിക്കരയിലും അട്ടിമറി വിജയം കൊണ്ടുവരുമെന്ന് സി.പി.ഐ പ്രതീക്ഷിക്കുന്നു.