LiveTV

Live

Kerala

ഡോ. കഫീല്‍ഖാനെതിരെ രാജ്യദ്രോഹ അന്വേഷണം; ബി.ജെ.പി നിലപാടിനൊപ്പം സിപിഎമ്മും കോണ്‍ഗ്രസും

തീവ്രവാദ സംഘടനകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വേരുറപ്പിക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്ന നിലപാടും സി.പി.എമ്മിനുണ്ട്.

ഡോ. കഫീല്‍ഖാനെതിരെ രാജ്യദ്രോഹ അന്വേഷണം; ബി.ജെ.പി നിലപാടിനൊപ്പം സിപിഎമ്മും കോണ്‍ഗ്രസും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടക്കുന്നുവെന്ന ബി.ജെ.പി ആരോപണം എച്ച്.ഡി.സി യോഗത്തില്‍ അതേപടി അംഗീകരിച്ച് സി.പി.എമ്മും, കോണ്‍ഗ്രസും. ഇതേത്തുടര്‍ന്നാണ് ഡോ. കഫീല്‍ഖാന്‍ പങ്കെടുത്ത സംവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആശുപത്രി വികസന സമിതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അധ്യാപകരെയടക്കം പങ്കെടുപ്പിച്ച് 2018 മെയ് 30നായിരുന്നു കോളേജ് യൂണിയന്‍ കഫീല്‍ഖാനുമായുള്ള സംവാദം സംഘടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രനാണ് കോളേജില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടക്കുന്നുവെന്ന പരാതി ഉന്നയിച്ചത്. അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ടു. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇതിനെ പിന്താങ്ങി.

കോണ്‍ഗ്രസ് പ്രതിനിധിയായ ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും എം.കെ രാഘവന്‍ എം.പിയുടെ പ്രതിനിധി കെ.വി സുബ്രഹമണ്യനും, മുല്ലപ്പള്ളി രാമചന്ദ്രനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജിതേഷ് മുതുകാടും അന്വേഷണം വേണമെന്ന ബി.ജെ.പി ആവശ്യത്തിനൊപ്പമാണ് നിന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ചെയര്‍മാനായ യോഗം പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു.

ഇതിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തുണ്ട്. മുസ്‍ലിം ലീഗ് പ്രതിനിധിയായ ജില്ലാ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തീവ്രവാദ സംഘടനകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വേരുറപ്പിക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെന്ന നിലപാടും സി.പി.എമ്മിനുണ്ട്.