LiveTV

Live

Kerala

ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക...

ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്

സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള സ്‌ക്രീനിങ് കമ്മറ്റി ഡല്‍ഹിയില്‍ ചേരും. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ തെരഞ്ഞടുപ്പ് രംഗത്തിറക്കാനാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

സ്ഥാനാര്‍ഥികളെക്കുറിച്ച് നേതാക്കള്‍ക്കിടയിലെ ആശയവിനിയമം പുരോഗമിക്കുകയാണ്. ശനിയാഴ്ച മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് അന്തിമ ധാരണയിലെത്തും. തിങ്കളും ചൊവ്വയുമായി നടക്കുന്ന സ്‌ക്രീനിങ് കമ്മറ്റി യോഗത്തിനായി മൂവരും ഡല്‍ഹിയിലേക്കും പോകും. സ്‌ക്രിനിങ് കമ്മറ്റിയിലാകും അന്തിമ തീരുമാനമുണ്ടാവുക. താര സ്ഥാനാര്‍ഥികളെ തന്നെ രംഗത്തിറക്കി കളംപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

മത്സരിക്കാനില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. കേരള കോണ്‍ഗ്രസ് പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണെങ്കില്‍ ഇടുക്കിയും കോട്ടയവും വെച്ചുമാറാനും ആലോചിക്കുന്നു. കെ.സി വേണുഗോപാല്‍ ആലപ്പുഴയിലും കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ വികാരം. തൃശൂര്‍ തിരിച്ചുപിടിക്കാന്‍ വി.എം സുധീരനെ രംഗത്തിറക്കാനും ആലോചനയുണ്ട്. തൃശൂരില്‍ സുധീരനല്ലെങ്കില്‍ ടി.എന്‍ പ്രതാപനാകും മത്സരിക്കുക. കെ സുധാകരനെ കണ്ണൂര്‍ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സിറ്റിങ് എം പി മാരില്‍ ഭൂരിഭാഗം പേരും മത്സരിക്കാനാണ് സാധ്യത.

തിരുവനന്തപുരത്ത് ശശി തരൂര്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, കോഴിക്കോട് എം.കെ രാഘവന്‍ എന്നിവര്‍ ഉറപ്പാണ്. എറണാകുളത്ത് ഹൈബി ഈഡന്‍, സ്വപ്ന പാട്രോണിസ് എന്നിവരുടെ പേര് കെ.വി തോമസിനോടൊപ്പം പരിഗണക്കപ്പെടുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. വയനാടോ കാസര്‍കോടോ മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. ടി സിദ്ധീഖ്, ഷാനിമോള്‍ ഉസ്്മാന്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍.