LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് കഴിഞ്ഞതായി ഇടുക്കി കട്ടപ്പനയില്‍ ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം വിലയിരുത്തി. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജ് എം.പിയെ വീണ്ടും പിന്തുണച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് കഴിഞ്ഞതായി ഇടുക്കി കട്ടപ്പനയില്‍ ചേര്‍ന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം വിലയിരുത്തി. കസ്തൂരി രംഗന്‍ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവിനായി യു.ഡി.എഫ് നേതാക്കളല്ല ജോയ്സ് ജോര്‍ജാണ് ശ്രമം നടത്തിയതെന്നും ജനറല്‍ കണ്‍വീനല്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

സ്വന്തം കൃഷിഭൂമി നഷ്ടപ്പടുകയും അവിടെ നിന്ന് ഒഴിഞ്ഞുപോകേണ്ടി വരുമെന്നുമുള്ള അവസ്ഥയെ ഭയപ്പെട്ട ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് ജോയ്സ് ജോര്‍ജ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ആശ്വാസകരമായ നടപടികള്‍‌ സ്വീകരിച്ചു. ഇ.എസ്.ഐ പിരിധിയില്‍ നിന്ന് കൃഷിയിടങ്ങളെ ഒഴിവാക്കി കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതിയോടെയുള്ള ഉത്തരവിന് കാരണക്കാരന്‍ ജോയ്സ് ജോര്‍ജാണെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട്. മുന്‍പ് ഉണ്ടായിരുന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് വ്യത്യസ്തനായി ജോയ്സ് ജോര്‍ജ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കസ്തൂരി രംഗന്‍ ഉത്തരവിലെ ഭേദഗതിക്ക് കാരണം എന്ന വാദം ഹൈറേഞ്ച് സംരക്ഷണ സമിതി തള്ളുന്നു. പരസ്യപ്രചരണ പരിപാടികള്‍ക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി ഇറങ്ങുമോയെന്ന് വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.