LiveTV

Live

Kerala

വായ്പയുടെ പേരില്‍ കര്‍ഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെന്ന് കൃഷിമന്ത്രി

തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ വായ്പകളിന്മേല്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തിനടപടികളും റവന്യൂ റിക്കവറി നടപടികളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കും.

വായ്പയുടെ പേരില്‍ കര്‍ഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയെന്ന് കൃഷിമന്ത്രി

കര്‍ഷകര്‍ വായ്പ എടുത്തതിന്റെ പേരില്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കും. റവന്യൂ റിക്കവറി നടപടിക്കായുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ കര്‍ഷകരുടെയും പേരുവിവരങ്ങള്‍ രണ്ട് ദിവസത്തിനിടയില്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രി സുനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത ഇടുക്കി ജില്ലാതല ബാങ്കേഴ്‌സ് സമിതിയിലാണ് തീരുമാനം.

തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ വായ്പകളിന്മേല്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തിനടപടികളും റവന്യൂ റിക്കവറി നടപടികളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കും. നോട്ടീസുകള്‍ അയക്കുന്നതും ഫോണ്‍വിളിയിലൂടെയുള്ള ബാങ്കിന്റെ ഭീഷണിയും ക്രിമിനല്‍ നടപടിയായി കണക്കാക്കും. ഇടുക്കി ജില്ലയില്‍ ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകരെ നേരിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി കാണും. ആത്മധൈര്യം നല്‍കാന്‍ റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെട്ട കര്‍ഷകരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് അടക്കം നല്‍കും.

കാര്‍ഷിക കടശ്വാസ കമ്മീഷന്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന അവസ്ഥയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളേണ്ട സാഹചര്യമില്ല. കാര്‍ഷിക കടാശ്വാസ കമ്മീഷനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ഫാസി നിയമപ്രകാരം കര്‍ഷകരുടെ ഒരു തുണ്ട് ഭൂമിയിലും തൊടാന്‍ അനുവദിക്കില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന സ്വാകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

പ്രതിപക്ഷം സര്‍ക്കാരിന്റെ ഇടപെടലിനെ വിലകുറച്ചു കാണുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിനിടെ ജില്ലാതല ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തിനെത്തിയ മന്ത്രിയെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.