LiveTV

Live

Kerala

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ അന്യായമായി കൊലപ്പെടുത്തിയെന്ന് സഹോദരന്‍ 

മരണത്തില്‍ ദുരൂഹതയുണ്ട്. നാലിലധികം മുറിവുകള്‍ ജലീലിന്റെ ശരീരത്തിലുണ്ടെന്നും റഷീദ് പറഞ്ഞു

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ അന്യായമായി കൊലപ്പെടുത്തിയെന്ന് സഹോദരന്‍ 

വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ആത്മരക്ഷാര്‍ഥം പൊലീസ് നടത്തിയ വെടിവപ്പിലാണ് മരണം സംഭവിച്ചതെന്ന് ഐ.ജി വിശദീകരിച്ചു. എന്നാല്‍ ജലീലിന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് സഹോദരന്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.

ഇന്നലെ രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ രണ്ടുപേര്‍ എത്തിയത്. വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. ജലീലിന്റെ മൃതദേഹത്തിന് അരികെ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തി. വെടിവെപ്പില്‍ കൊലപ്പെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീലാണെന്ന് ബന്ധുക്കല്‍ സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ സി.പി റഷീദ് പറഞ്ഞു.

ലക്കിടിയിലെ പ്രിയദര്‍ശന്‍ കോളനിയിലും സുഗന്ധഗിരിയിലും ഒരാഴ്ച മുമ്പ് എട്ടംഗ സായുധം സംഘം എത്തിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനിടയിലാണ് മാവോയിസ്റ്റുകള്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയത്.

അതേസമയം മാവോയിസ്റ്റുകള്‍ മാന്യമായാണ് പെരുമാറിയതെന്ന് റിസോര്‍ട്ട് ഉടമ പ്രതികരിച്ചു. ടൂറിസ്റ്റുകളോടും ജീവനക്കാരോടും മാന്യമായി പെരുമാറി. പണം കൈമാറുന്ന വേളയില്‍ നാലംഗ പൊലീസ് സംഘം കടന്നുവന്നുവെന്നും റിസോര്‍ട്ട് ഉടമ പറഞ്ഞു.

അന്വേഷണം പ്രഖ്യാപിച്ചു

സി.പി ജലീലിന്റെ മരണത്തില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചു. ക്രൈം ബ്രാഞ്ച്, മജിസ്‌ട്രേറ്റ് തല അന്വേഷണങ്ങളാണ് നടക്കുക.പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരും.