LiveTV

Live

Kerala

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്

നാളെ പാര്‍ലമെന്റി പാര്‍ട്ടി യോഗം ചേരും. എല്ലാ കാര്യങ്ങളും ഭംഗിയായി അവസാനിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. 

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഒരേ ഒരു സീറ്റായ കോട്ടയത്ത് സ്ഥാനാര്‍ഥിക്കായി സമവായചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മല്‍സരിക്കുമെന്നും എല്ലാം ഭംഗിയായി അവസാനിക്കുമെന്നും പി.ജെ ജോസഫ് ഇടുക്കി തൊടുപുഴയില്‍ പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നാളെ ചേരും.

മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വീണ്ടും വ്യക്തമാക്കിയാണ് തൊടുപുഴയിലെ വസതിയില്‍ പി.ജെ ജോസഫ് ഇന്ന് പ്രതികരിച്ചത്. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മല്‍സരിക്കും. മല്‍സരിക്കും എന്ന നിലപാടില്‍ നിന്ന് പിന്നോട്ടുണ്ടോയെന്ന് ചോദ്യത്തോട് മുമ്പ് അത് സംബന്ധിച്ച് വ്യക്തമായി പറഞ്ഞിരുന്നു എന്നായിരുന്നു ജോസഫിന്റെ മറുപടി.

നാളെ കൊച്ചിയിലോ കോട്ടയത്തോ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ആറ് എം.എല്‍.എമാരില്‍ പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്നിവര്‍ക്ക് പുറമെ ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസും ജോസഫുമായി അടുത്തിടെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ജോസഫ് നിലപാട് കടുപ്പിച്ചിരിക്കുന്നതിനാല്‍ പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് ഒഴിവാക്കാനായിരിക്കും കെ.എം മാണിയുടെ ശ്രമം. അങ്ങനെയങ്കില്‍ കോട്ടയം സീറ്റ് ജോസഫിന് നല്‍കി പാര്‍ട്ടി നേതൃത്വം ജോസ് കെ. മാണിയെ ഏല്‍പ്പിച്ചാകും പ്രശ്നപരിഹാരം.

അതേസമയം രണ്ട് സീറ്റ് ആവശ്യപ്പെട്ട കേരളകോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കേരളകോണ്‍ഗ്രസിനെ അറിയിച്ചു . ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടെന്ന് കെ.എം മാണി പ്രതികരിച്ചു. പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കുമെന്നും മാണി പറഞ്ഞു.

Also read: മത്സരിക്കാന്‍ താല്‍പര്യമുണ്ട്, രണ്ട് സീറ്റ് വേണം; പി.ജെ ജോസഫ്