LiveTV

Live

Kerala

കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം; തീരുമാനത്തിന് ബാങ്കേഴ്സ് സമിതിയുടെ അംഗീകാരം

ഈ വര്‍ഷം ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും.

 കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം; തീരുമാനത്തിന് ബാങ്കേഴ്സ് സമിതിയുടെ അംഗീകാരം

കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അംഗീകാരം. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും.

കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മൊറട്ടോറിയം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളോട് അനുകൂലമായാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സ്വീകരിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്ക് കാര്‍ഷിക - കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികള്‍ ഉണ്ടാകില്ല. കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വാണിജ്യ - പൊതുമേഖലാ ബാങ്കുകളെ കൊണ്ടുവരണമെന്ന നിര്‍ദേശത്തോടും ബാങ്കുകള്‍ അനുകൂലമായാണ് പ്രതികരിച്ചത്.

തീരുമാനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയേ നടപ്പാക്കാനാകൂ. വിഷയത്തില്‍ ഈ മാസം 12ന് ആര്‍.ബി.ഐ ഉദ്യോഗസ്ഥരുമായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തും. നാളെ ഇടുക്കി ജില്ലയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ സന്ദര്‍ശനം നടത്തും. ജില്ലാ തല ബാങ്കേഴ്സ് സമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.