LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; സി.പി.എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളായി 

വടകരയിൽ പല പേരുകളും ഉയർന്നു വന്നിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രഥമ പരിഗണന പി.ജയരാജനാണെന്ന് പാർലമെന്ററി മണ്ഡലം കമ്മിറ്റിയിൽ ടി.പി രാമകൃഷണ്ന്‍ റിപ്പോർട്ട് ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പ്; സി.പി.എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളായി 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളായി. വടകരയിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജും സ്ഥാനാര്‍ത്ഥികളാകും. നിലവിലെ എം.എൽ.എമാരായ എ പ്രദീപ് കുമാറിന്റെയും എ.എം ആരിഫിന്റെയും സ്ഥാനാർത്ഥിത്വം മണ്ഡലം കമ്മിറ്റികൾ അംഗീകരിച്ചു.

വടകരയിൽ പല പേരുകളും ഉയർന്നു വന്നിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രഥമ പരിഗണന പി ജയരാജനാണെന്ന് പാർലമെന്ററി മണ്ഡലം കമ്മിറ്റിയിൽ ടി.പി രാമകൃഷണന്‍ റിപ്പോർട്ട് ചെയ്തു. പി സതീദേവി, പി.എ മുഹമ്മദ് റിയാസ്, വി ശിവദാസൻ എന്നീ പേരുകൾ കൂടി കമ്മിറ്റിക്ക് മുന്നിലെത്തി. എന്നാൽ രണ്ട് തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്ന തീരുമാനം ജയരാജന് അനുകൂലമായി.

ജയരാജനെ മുന്നിൽ നിർത്തി സംഘടന സംവിധാനം ഉപയോഗിച്ച് മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കണക്കുകൂട്ടൽ. കോഴിക്കോട് എ പ്രദീപ് കുമാർ എം.എൽ.എയുടെ പേര് എതിർപ്പില്ലാതെ തന്നെ അംഗീകരിച്ചു. പാലക്കാട് സിറ്റിങ് എംപിമായ എം.ബി രാജേഷ് ആറ്റിങ്ങലില്‍ എ സമ്പത്തും എം.എല്‍.എമാരായ എ.എം ആരിഫ് ആലപ്പുഴയിലും വീണാ ജോര്‍ജ് പത്തനംതിട്ടയിലും സ്ഥാനാർത്ഥികളാകും.

സി.പി.എം സ്ഥാനാര്‍ത്ഥികളെ ഈ മാസം ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂരില്‍ പി.കെ ശ്രീമതി, എറണാകുളത്ത് പി രാജീവ്, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് ,കൊല്ലത്ത് കെ.എന്‍ ബാലഗോപാല്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിട്ടുണ്ട്. പാർലമെന്ററി മണ്ഡലം കമ്മിറ്റികളുടെ തീരുമാനം നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.