LiveTV

Live

Kerala

സീറ്റ് വിഭജനം ഇടത് മുന്നണിയില്‍ കീറാമുട്ടിയാകുന്നു 

എന്‍.സി.പിക്കും എല്‍.ജെ.ഡിക്കും പിന്നാലെ ജനതാദള്‍ കൂടി നിലപാട് കടുപ്പിച്ചതോടെ മുന്നണി നേതൃത്വം പ്രതിരോധത്തിലായി. 

 സീറ്റ് വിഭജനം ഇടത്  മുന്നണിയില്‍ കീറാമുട്ടിയാകുന്നു 

സീറ്റ് വിഭജനം ഇടത് മുന്നണിയില്‍ കീറാമുട്ടിയാകുന്നു. എന്‍.സി.പിക്കും എല്‍.ജെ.ഡിക്കും പിന്നാലെ ജനതാദള്‍ കൂടി നിലപാട് കടുപ്പിച്ചതോടെ മുന്നണി നേതൃത്വം പ്രതിരോധത്തിലായി. എന്നാല്‍ ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സി.പി.എം വഴങ്ങാന്‍ സാധ്യതയില്ല.

കഴിഞ്ഞ തവണ ജനാതാദള്‍ എസ് മത്സരിച്ച കോട്ടയം സീറ്റ് ഇത്തവണ അവര്‍ വേണ്ടെന്ന പറഞ്ഞ സാഹചര്യത്തില്‍ അത് ഏറ്റെടുക്കാന്‍ സി.പി.എം ആലോചിച്ചിരിന്നു.എന്നാല്‍ കോട്ടയത്തിന് പകരം മറ്റൊരു സീറ്റ് വേണമെന്ന നിലപാടിലാണ് ജനതാദള്‍ എസ്.എറണാകുളം ലക്ഷ്യം വച്ചാണ് ജനതാദളിന്റെ നീക്കങ്ങള്‍. സി.പി.എമ്മിന്റെ നേതൃതലത്തില്‍ സീറ്റ് നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ഇല്ലെന്നാണ് സൂചന. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്ന ജോസ് തെറ്റയിലിന്റെ വാക്കുകള്‍ സമ്മര്‍ദ്ദ തന്ത്രമായിട്ടാണ് സി.പി.എം നേതൃത്വം കാണുന്നത്. മാത്യു ടി.തോമസ്,കൃഷ്ണന്‍കുട്ടി എന്നിവര്‍ തമ്മില്‍ പാര്‍ക്കുള്ളിലുള്ള ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെ സി.പി.എം നേതൃത്വം കാണുന്നത്.അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശനം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം .പത്തനംതിട്ട സീറ്റിന് വേണ്ടി എന്‍.സി.പി നേതൃത്വം നല്‍കിയ കത്താണ് മുന്നണിക്ക് മുന്നിലുള്ള മറ്റൊരു പ്രശ്നം.കയ്യിലുള്ള സീറ്റ് വിട്ട് നല്‍കാന്‍ സി.പി.എം തയ്യാറായേക്കില്ല.ലോക് താന്ത്രിക് ജനതാദള്‍ വടകര സീറ്റ് ആവശ്യപ്പെടുന്നുണ്ട്.പക്ഷെ അത് അംഗീകരിക്കപ്പെടാന്‍ സാധ്യത വിരളമാണ്.

രാജ്യസഭ സീറ്റ് ഒഴിവ് വന്നപ്പോള്‍ നല്‍കിയത് കൊണ്ട് ഒരു സീറ്റ് കൂടി നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സി.പി.എം വ്യക്തമാക്കിയേക്കും. എന്തായാലും വെള്ളിയാഴ്ച്ക്ക് മുന്‍പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം.