LiveTV

Live

Kerala

‍ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് വിവാദത്തില്‍

ബി.ജെ.പിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്.

 ‍ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് വിവാദത്തില്‍

പത്ത് മാസം മുന്‍പ് ഡോ കഫീല്‍ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ബി.ജെ.പിയാണ് രാജ്യദ്രോഹപ്രവര്‍ത്തനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ആവശ്യം ഉന്നയിച്ചത്.ജില്ലാകലക്ടര്‍ ചെയര്‍മാനായ സമിതി പ്രാഥമിക അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പാള്‍ വി.ആര്‍ രാജേന്ദ്രനെ ചുമതലപ്പെടുത്തി. പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കോളേജ് യൂണിയനും അധ്യാപകരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അനുമതി ഇല്ലാതെ പരിപാടി നടത്തിയതിന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ക്ഷമാപണം എഴുതി നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി യോഗം നടക്കുന്ന സ്ഥലത്തേക്ക് നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി.