LiveTV

Live

Kerala

പി കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാന്‍ സി.പി.എം

എം.എല്‍.എമാരായ എ പ്രദീപ് കുമാറിനേയും, എ.എം ആരിഫിനേയും മത്സരത്തിനിറക്കാന്‍ സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്...

പി കരുണാകരന്‍ ഒഴികെയുള്ള സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാന്‍ സി.പി.എം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി. കാസര്‍കോട് എം.പി പി. കരുണാകരന്‍ ഒഴികെ ബാക്കി എല്ലാ സിറ്റിംങ് എം.പിമാര്‍ക്കും സി.പി.എം സീറ്റ് നല്‍കിയേക്കും. എം.എല്‍.എമാരായ എ പ്രദീപ് കുമാറിനേയും, എ.എം ആരിഫിനേയും മത്സരത്തിനിറക്കാന്‍ സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേര്‍ന്ന് പട്ടികയ്ക്ക് അംഗീകാരം നല്‍കും.

ഏഴ് സിറ്റിംങ് എം.പിമാരില്‍ ആറ് പേരും മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശമാണ് സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായത്. കാസര്‍ഗോഡ് പി കരുണാകരന് പകരം കെ.പി സതീശ് ചന്ദ്രന്റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കണ്ണൂരില്‍ പി.കെ ശ്രീമതി തന്നെ മത്സരിക്കും. പാലക്കാട് എം.ബി രാജേഷിനും, ആലത്തൂരില്‍ പി.കെ ബിജുവിനും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനും, ആറ്റിങ്ങല്‍ എ സമ്പത്തിനും വീണ്ടും അവസരം നല്‍കും.

ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും രംഗത്തിറക്കിയേക്കും. വടകരയില്‍ സതീദേവിയോ മുഹമ്മദ് റിയാസോ സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് എ പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പേരിനാണ് പ്രഥമപരിഗണന. മുഹമ്മദ് റിയാസിനെയും കോഴിക്കോടേക്ക് പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് വി.പി സാനു സ്ഥാനാര്‍ത്ഥി ആയേക്കും. പൊന്നാനിയില്‍ പൊതു സ്വതന്ത്രനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

Also read: ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് 

എറണാകുളത്ത് പി രാജീവും ആലപ്പുഴയില്‍ അരൂര്‍ എം.എല്‍.എ എ.എം ആരിഫും പോരാട്ടത്തിനിറങ്ങും. കോട്ടയത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകാനാണ് സാധ്യത. ഉഴവൂര്‍ മുന്‍ പഞ്ചായത്തംഗം ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബിനെയാണ് പരിഗണിക്കുന്നത്. ജില്ല സെക്രട്ടറി വാസവനും പരിഗണനയിലുണ്ട്. പത്തനംതിട്ടയുടെ കാര്യത്തില്‍ നാളെ മാത്രമേ അന്തിമ തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ. കൊല്ലത്ത് കെ.എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിട്ടുണ്ട്. മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് പട്ടിക ചര്‍ച്ച ചെയ്ത ശേഷം ഏഴാം തീയതി രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും ചേര്‍ന്ന് പട്ടികക്ക് അനുമതി നല്‍കും.