LiveTV

Live

Kerala

സീറ്റ് വിഭജനം; കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചക്ക് ശേഷം മാണിയേയും ജോസഫിനെയും അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഏതെങ്കിലും തരത്തിലുള്ള സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.

സീറ്റ് വിഭജനം; കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്

സീറ്റ് വിഭജനത്തിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മൂന്നാംഘട്ട ചര്‍ച്ച ഇന്ന് കൊച്ചിയില്‍. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരളാ കോണ്‍ഗ്രസ്. വിഷയം കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമായി കണ്ട് കെ.എം മാണിയെയും പി.ജെ ജോസഫിനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

രണ്ട് തവണ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസുമായി ഇന്ന് വീണ്ടും ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചക്ക് ശേഷം മാണിയേയും ജോസഫിനെയും അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഏതെങ്കിലും തരത്തിലുള്ള സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.

രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അധിക സീറ്റെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാട്. മത്സരിക്കാനുള്ള താല്‍പര്യത്തില്‍ പി.ജെ ജോസഫ് ഉറച്ചു നില്‍ക്കുന്നതോടെ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ജോസഫിന് അനുകൂലമായ തീരുമാനം എടുപ്പിക്കാനുള്ള ശ്രമമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

നിയമസഭ സീറ്റുകളുടെ കാര്യത്തിലടക്കം ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും. കേരളകോണ്‍ഗ്രസിന് അധികസീറ്റ് നല്‍കില്ല എന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് ശ്രമിച്ചാല്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഇന്ന് നടക്കുന്ന ചര്‍ച്ചയോടുകൂടി അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയില്ലെങ്കില്‍ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ കേരളകോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് ചര്‍ച്ച അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.