LiveTV

Live

Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍..

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.

കേസിലെ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവിക്കൊപ്പം പ്രാദേശിക സഹായം നൽകിയെന്ന് സംശയിക്കുന്ന ഡോക്ടറും പ്രതിയാകാനുള്ള സാധ്യതയാണുള്ളത്. നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് വെടിവയ്പ് ഉണ്ടായ ഡിസംബർ 15ന് മുമ്പ് തന്നെ കൊച്ചി സിറ്റി പൊലീസിനെ കൊല്ലംകാരനായ ഡോക്‌ടർ അറിയിച്ചിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരിക്കുന്നതായും കൊടുത്തില്ലെങ്കിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കൂടി ഇയാൾ തന്നെ രഹസ്യവിവരം നൽകിയിരുന്നു.

വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം അറിയാൻ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. ചില ഗുണ്ടാസംഘങ്ങളുമായുള്ള ഡോക്ടറുടെ ബന്ധം തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം വർധിച്ചത്. കൊല്ലം അഞ്ചലിലെ ഡോക്‌ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യാ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയം പരിശോധന നടന്നു. ഏതാനും ദിവസം മുമ്പ് വീട്ടിലെത്തിയ ഡോക്‌ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായി വിവരം ലഭിച്ചു. തുടർന്നാണ് വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.