LiveTV

Live

Kerala

പെയ്‍മെന്‍റ് സീറ്റ് വിവാദത്തിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടു; അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി സി.ദിവാകരന്‍

ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയതും വലിയ തിരിച്ചടിയുണ്ടാക്കിയതോടെയാണ്..

പെയ്‍മെന്‍റ് സീറ്റ് വിവാദത്തിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടു; അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി സി.ദിവാകരന്‍

പെയ്‍മെന്‍റ് സീറ്റ് വിവാദത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃപദവികളില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ശേഷം തൊട്ടടുത്ത വര്‍ഷം അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്ന പുത്തന്‍ ചരിത്രമാണ് സി.ദിവാകരന്‍ ഇന്ന് കുറിച്ചത്. മത്സരിക്കാനില്ലെന്ന് കാനം വ്യക്തമാക്കിയപ്പോണ് സി ദിവാകരന് അവസരമൊരുങ്ങിയത്. അടൂര്‍ മണ്ഡലത്തിലെ സ്വീകാര്യതയും പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശ്വാസവും ചിറ്റയം ഗോപകുമാറിന് ഗുണമായി. പി.പി സുനീറിന്‍റേയും രാജാജി മാത്യു തോമസിന്‍റേയും സ്ഥാനാര്‍ത്ഥിത്വത്തില്‍ സാമുദായിക ഘടകങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയതും വലിയ തിരിച്ചടിയുണ്ടാക്കിയതോടെയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കുറിച്ച് സി.പി.ഐ പരിശോധിച്ചത്. സി. ദിവാകരന്‍ ഇക്കാര്യത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല രണ്ട് തവണ മത്സരിച്ച ജയിച്ച കരുനാഗപ്പള്ളി സീറ്റ് നല്‍കാതെ യു.ഡി.എഫിന്‍രെ സിറ്റിങ് സീറ്റായ നെടുമങ്ങാട് മത്സരിപ്പിച്ചു. അവിടെ നിന്ന് ജയിച്ച സി. ദിവാകരന്‍ പാര്‍ട്ടിക്ക് താന്‍ അനിവാര്യനാണെന്ന് തെളിയിച്ചു. അതിന് പിന്നാലെയാണ് ഏത് സീറ്റിന്‍റെ പേരില്‍ നടപടി നേരിട്ടോ അതേ സീറ്റില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി ദിവാകരന്‍ വരുന്നത്. പഴയ വിവാദങ്ങളൊന്നും താന്‍ ഭയക്കുന്നില്ലെന്ന് ദിവാകരന്‍രെ വാക്കുകളില്‍ നിന്ന് വ്യക്തം.

രണ്ട് തവണയും അടൂര്‍ നിയമസഭ മണ്ഡലം നിലനിര്‍ത്തിയതും എം.എല്‍.എ എന്ന നിലയിലുള്ള നല്ല പ്രതിച്ഛായയുമാണ് മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിന് ഗുണമായത്. സംവരണ മണ്ഡലത്തിലേക്ക് പ്രധാനിയായ ഒരാളെ നിര്‍ത്തിയാല്‍ അത് തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. മുന്‍ മന്ത്രി കെ.പി രാജേന്ദ്രനെ വെട്ടി രാജാജി മാത്യു തോമസിന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടി ആഭ്യന്തര തര്‍ക്കങ്ങള്‍ക്കൊപ്പം ജാതിസമവാക്യങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

വയനാട്, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടതും സത്യന്‍ മൊകേരിക്ക് കഴിഞ്ഞ തവണ അടിതെറ്റിയതും പി.പി സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു. പരിചയ സമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നല്‍കിയാണ് നാല് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നാണ് ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.