LiveTV

Live

Kerala

പ്രീതാ ഷാജിയുടെ പോരാട്ടത്തിന് പൂര്‍ണ്ണ വിജയം

വീട് വീണ്ടെടുക്കാന്‍ സഹായിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും ഇനി അക്കൌണ്ടിലേക്ക് നിക്ഷേപിക്കേണ്ടതില്ലെന്നും പ്രീതയും കുടുംബവും വ്യക്തമാക്കി

പ്രീതാ ഷാജിയുടെ പോരാട്ടത്തിന് പൂര്‍ണ്ണ വിജയം

നീതിക്കായുള്ള ഇടപ്പളളി സ്വദേശി പ്രീത ഷാജിയുടെ പോരാട്ടത്തിന് ഒടുവില്‍ പൂര്‍ണ വിജയം. ഹൈക്കോടതി ബാങ്കില്‍ അടക്കാന്‍ നിര്‍ദ്ദേശിച്ച പണമടച്ച് പ്രീതയും കുടുംബവും വീട് വീണ്ടും സ്വന്തമാക്കി. കേരളം കണ്ട ഏറ്റവും വലിയ സര്‍ഫാസി വിരുദ്ധ സമരത്തിന്റെ വിജയമാണ് പ്രീതയുടേത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 43,51,362 രൂപ ബാങ്കിന് നല്‍കിയാണ് പ്രീത ഷാജിയും കുടുംബവും വീട് വീണ്ടും സ്വന്തമാക്കിയത്. ഒരു ലക്ഷത്തി എൺപത്തിഒമ്പതിനായിരം രൂപ വസ്തു ലേലത്തിൽ വാങ്ങിയ രതീഷിനും നല്‍കി. അഞ്ച് ദിവസം കൊണ്ട് ജനങ്ങള്‍ സമാഹരിച്ച് നല്‍കിയ പണം കൊണ്ടാണ് പ്രീതയും കുടുംബവും കിടപ്പാടം തിരിച്ച് പിടിച്ചത്. ഒരു മാസത്തിനകം ബാങ്കില്‍ പണമടക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

സുഹൃത്തിനു വേണ്ടി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് രണ്ടര കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ കടബാധ്യതയായി മാറിയത്. തുടര്‍ന്ന് നാളുകള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പ്രീതക്കും കുടുംബത്തിനും കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്. വീട് വീണ്ടെടുക്കാന്‍ സഹായിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും ഇനി അക്കൌണ്ടിലേക്ക് നിക്ഷേപിക്കേണ്ടതില്ലെന്നും പ്രീതയും കുടുംബവും വ്യക്തമാക്കി.