LiveTV

Live

Kerala

കേരളത്തില്‍ ജൈവവളത്തിലും വ്യാജന്‍മാര്‍; തൂക്കം കൂട്ടാന്‍ കടല്‍ത്തീരത്തെ മണല്‍ ഉപയോഗിക്കുന്നു

വ്യാജ വളങ്ങള്‍ കണ്ടെത്താന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

കേരളത്തില്‍ ജൈവവളത്തിലും വ്യാജന്‍മാര്‍; തൂക്കം കൂട്ടാന്‍ കടല്‍ത്തീരത്തെ മണല്‍ ഉപയോഗിക്കുന്നു

കേരളത്തില്‍ വിറ്റഴിക്കുന്ന ജൈവവളത്തില്‍ മായം കലര്‍ത്തുന്നതായി പരാതി. കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി മണലടക്കം ചേര്‍ത്താണ് ജൈവവളം വിപണിയിലെത്തുന്നത്. വ്യാജ വളങ്ങള്‍ കണ്ടെത്താന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

ജൈവവളങ്ങളില്‍ വ്യാജന്‍മാര്‍ ഉണ്ടെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് ഞങ്ങള്‍ ഈ അന്വേഷണം നടത്തിയത്. കടല്‍ തീരത്തെ മണലടക്കം കൊള്ളലാഭത്തിനായി ഇവര്‍ ഉപയോഗിക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. ഇത് എത്രമാത്രം ശരിയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. വിപണിയില്‍ ഏറ്റവും അധികം വില്ക്കുന്ന ഒരു ജൈവ വളം തന്നെയാണ് ഞങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തത്. ഒറ്റ നോട്ടത്തില്‍ വ്യാജനാണെന്ന് പറയില്ലെങ്കിലും ഒന്ന് രണ്ട് തവണ കഴുകിയാല്‍ കാര്യം പിടികിട്ടും.

ഓരോ തവണ കഴുകും തോറും കടല്‍ തീരത്തെ മണല്‍ തെളിഞ്ഞ് വരുന്നത് കാണാനാകും. ചാണകവും വേപ്പിന്‍പിണ്ണാക്കും ചകിരിയും അടക്കമുള്ള ജൈവവസ്തുക്കള്‍ ഉപയോഗിക്കേണ്ടിടത്താണ് വ്യാപകമായി മണല്‍ ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നടക്കം ഇത്തരത്തിലുള്ള ജൈവവളങ്ങള്‍ കേരളത്തില്‍ എത്തിക്കാന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ പരാതി നല്കിയിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ജൈവകൃഷി എന്തുകൊണ്ട് ലാഭകരമാകുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിങ്ങള്‍ കണ്ട ദൃശ്യങ്ങള്‍‍. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി എടുക്കുമെന്നാണ് ഇനി അറിയേണ്ടത്.