LiveTV

Live

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരു ദിവസം കൊണ്ട് യുവാവിന് നഷ്ടമായത് 2,75,000 രൂപ

യൂറോപിലെ ജോലിയുടെ ആവശ്യത്തിനായി കടം വാങ്ങി ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടപ്പെട്ടത്

ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരു ദിവസം കൊണ്ട് യുവാവിന് നഷ്ടമായത് 2,75,000 രൂപ

ആലപ്പുഴ ചെങ്ങന്നൂരിൽ ഓൺലൈൻ തട്ടിപ്പ്. തൊഴിൽ അന്വേഷകനായ യുവാവിന് ഒരു ദിവസം കൊണ്ട് അക്കൗണ്ടിൽ നിന്നും നഷ്ടമായത് രണ്ടേമുക്കാൽ ലക്ഷംരൂപ. ചെങ്ങന്നൂർ മുണ്ടൻകാവ് സ്വദേശി ജിതിനാണ് ഓൺലൈൻ ചതിക്കുഴിയിൽ പെട്ടത്.

ടൂൾ ആന്‍റ് ഡൈ പഠിച്ച ശേഷം യൂറോപ്പിൽ ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് ജിതിൻ തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച ഷൈൻ റിക്രൂട്ട്.ഇൻഫോ എന്ന സൈറ്റിൽ കയറി ജോലിക്കായി അപേക്ഷിച്ചു. 10 രൂപയായിരുന്നു രജിസ്ട്രേഷൻ ഫീസ്. ആദ്യം ചെയ്തത് ശരിയാകാത്തതിനെ തുടർന്ന് തുടർച്ചയായി 4 തവണ കൂടി രജിസ്റ്റർ ചെയ്തു. അൽപസമയത്തിനകം 40,000 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിക്കപ്പെട്ടതായി മൊബൈൽ ഫോണിൽ സന്ദേശം വന്നു. സൈറ്റിലുള്ള ഫോൺ നമ്പരിൽ വിളിച്ചു ചോദിച്ചപ്പോൾ സാങ്കേതിക തകരാറാണെന്നും പിറ്റേദിവസം പണം റീഫണ്ടാകുമെന്നും അറിയിച്ചു. സി.ഐ.എഫ് നമ്പർ വേണമെന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നമ്പർ വാങ്ങി നൽകി. തുടർന്ന് 8 തവണകളായി 24998 രൂപ വീതം നഷ്ടപ്പെട്ടു. അതിന് ശേഷവും 10,000 രൂപ കൂടി പോയി. പരാതി ലഭിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

തട്ടിപ്പ് നടന്നതിനുശേഷം ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ലെന്ന് ജിതിൻ പറയുന്നു, യൂറോപിലെ ജോലിയുടെ ആവശ്യത്തിനായി കടം വാങ്ങി ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടപ്പെട്ടത്.