LiveTV

Live

Kerala

കോവളത്ത് പതിനഞ്ചുകാരിയെ ബ്രിട്ടീഷ് പൌരന്‍ പീഡിപ്പിച്ചു

പീഡനത്തിന് ശേഷം വിദേശി നാട്ടിലേക്ക് കടന്നു. 

 കോവളത്ത് പതിനഞ്ചുകാരിയെ ബ്രിട്ടീഷ് പൌരന്‍ പീഡിപ്പിച്ചു

കോവളത്ത് പതിനഞ്ച് വയസുകാരി പീഡനത്തിന് ഇരയായി. ബ്രിട്ടീഷ് പൌരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് . പീഡനത്തിന് ശേഷം വിദേശി നാട്ടിലേക്ക് കടന്നു. സംഭവത്തില്‍ ബ്രിട്ടീഷ് പൌരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയിലും പീഡനം സ്ഥിരീകരിച്ചതിനാൽ ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ബിനാമി വഴി കോവളത്തില്‍ വീട് വാങ്ങിയത്. ഈ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. ബ്രിട്ടീഷുകാരന് പെണ്‍കുട്ടിയോടുള്ള സമീപനത്തില്‍ സംശയം തോന്നിയ സമീപവാസികള്‍ വിഷയം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുകയും കൌണ്‍സിലിംഗിന് വിധേയയാക്കുകയുമായിരുന്നു. ഈ കൌണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

എന്നാല്‍ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത് അറിഞ്ഞ ബ്രിട്ടീഷ് പൌരന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് കടക്കുകയായിരുന്നു. കോവളത്തുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.