LiveTV

Live

Kerala

സി.പി.ഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് നാളത്തേക്ക് മാറ്റി

ഇന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കേണ്ടെന്നും നാളെ രാവിലെ കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ഒമ്പത് മണിയോടെ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാമെന്നും കാനം...

സി.പി.ഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് നാളത്തേക്ക് മാറ്റി

നാല് മണ്ഡലങ്ങളിലേക്കുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. അതേസമയം ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ വെള്ളിയാഴ്ച ഇടത് മുന്നണി യോഗം ചേരുന്നുണ്ട്.

ഇന്ന് ഉച്ചക്ക് ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റെ രണ്ടാമത്തെ അജണ്ടയായിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വന്നത്. എന്നാല്‍ ഇന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കേണ്ടെന്നും നാളെ രാവിലെ കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ഒമ്പത് മണിയോടെ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയായിരുന്നു.

തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര മണ്ഡലങ്ങളിലേക്ക് ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് നാളത്തെ യോഗം പരിഗണിക്കുന്നത്. തിരുവനന്തപുരത്തേക്ക് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍, മാവേലിക്കരയിലേക്ക് അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എ.ഐ.വൈ.എഫ് നേതാവ് അരുണ്‍ കുമാര്‍, തൃശൂരിലേക്ക് സിറ്റിംങ് എം.പി സി.എന്‍ ജയദേവന്‍, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ്, വയനാട്ടിലേക്ക് സി.എന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, പി.പി സുനീര്‍ എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിലുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്.

അതേസമയം സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയ്ക്ക് ഇടതു മുന്നണി യോഗം എട്ടാം തീയതി ചേരും. 15 സീറ്റില്‍ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ജനതാദള്‍ എസിന് നല്‍കിയ സിറ്റിന്റെ കാര്യത്തിലാണ് അവ്യക്തത തുടരുന്നത്. അതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയസാധ്യത ഉള്ള ഒരു സീറ്റ് വേണമെന്നാവശ്യപ്പെട്ട് ലോകതാന്ത്രിക് ജനതാദള്‍ രംഗത്ത് വന്നു

ഷേക്ക് പി ഹാരിസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് എന്‍.സി.പി നേരത്തെ മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ ഒന്നില്‍ ജനാധിപത്യകേരള കോണ്‍ഗ്രസിനും ആഗ്രഹമുണ്ട്.