LiveTV

Live

Kerala

ഹാരിസണില്‍ നിന്ന് കരം സ്വീകരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

കരം സ്വീകരിച്ചത് മരവിപ്പിക്കാനും തീരുമാനം.

 ഹാരിസണില്‍ നിന്ന് കരം സ്വീകരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന പ്രിയ എസ്റ്റേറ്റില്‍ നിന്നും കരം സ്വീകരിച്ചതില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി. സര്‍ക്കാരറിയാതെ കരം സ്വീകരിച്ചത് വിവാദമായതിന് പിന്നാലെ ആര്യങ്കാവ് വില്ലേജ് ഓഫീസറെ ജില്ലാ കലക്ടര്‍ സ്ഥലം മാറ്റി. കരം സ്വീകരിച്ച നടപടി മരവിപ്പിക്കാനും വീഴ്ച അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഹാരിസണ്‍ പ്ലാന്റേഷന്‍സ് കൈമാറ്റം ചെയ്ത പ്രിയ, റിയ എന്നീ തോട്ടങ്ങളുടെ കരം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലിരിക്കെ കരം സ്വീകരിച്ചതില്‍ റവന്യൂമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ക്കെതിരെ കലക്ടര്‍ നടപടിയെടുത്തത്. കരം സ്വീകരിച്ചതില്‍ വില്ലേജ് ഓഫീസര്‍ക്കും പുനലൂര്‍ തഹസില്‍ദാര്‍ക്കും വീഴ്ചയുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കരം സ്വീകരിക്കണമെന്ന പ്രിയ എസ്റ്റേറ്റിന്റെ അപേക്ഷ കലക്ടര്‍ ആര്‍.ഡി.ഒക്ക് കൈമാറിയിരുന്നു.

രേഖകള്‍ പരിശോധിച്ച് കരം ഒടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ആര്‍.ഡി.ഒ അപേക്ഷ തഹസില്‍ദാര്‍ക്ക് അയച്ചെങ്കിലും തുടര്‍നടപടിക്ക് വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുണ്ടോയെന്ന് അന്വേഷിക്കണമെന്നും കലക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണമൊന്നും നടത്താതെ തഹസില്‍ദാറും വില്ലേജ് ഓഫീസറും തുടര്‍നടപടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം. നടപടി വിവാദമായതോടെ കരം സ്വീകരിച്ചത് മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നടപടിയിലുണ്ടായ വീഴ്ച അന്വേഷിക്കാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.