LiveTV

Live

Kerala

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ചുമതല ചവറ സി.ഐക്ക്

കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി രഞ്ജിത്തിനെ മര്‍ദിച്ച് കൊന്ന കേസില്‍ അന്വേഷണ ചുമതല ചവറ സി.ഐ ചന്ദ്രദാസിന്. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന..

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ചുമതല ചവറ സി.ഐക്ക്

കൊല്ലം തേവലക്കരയിൽ വിദ്യാര്‍ത്ഥി മർദനമേറ്റു മരിച്ച കേസിൽ അന്വേഷണം സി.ഐക്ക് കൈമാറി. ചവറ സി.ഐ ചന്ദ്രദാസിനാണ് അന്വേഷണ ചുമതല. അതേസമയം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഫെബ്രുവരി പതിനാലിനായിരുന്നു രഞ്ജിത്തിനെ ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന വിനീതും സംഘവും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികളില്‍ ചികിത്സ തേടിയ രഞ്ജിത്ത് രണ്ട് ദിവസം മുമ്പ് മരിച്ചു. തലക്ക് പിന്നിലേറ്റ ഗുരുതരമായ പരിക്കും തലച്ചോറിലെ രക്തസ്രാവവും മരണത്തിന് കാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

ജനനേന്ദ്രിയത്തിലേറ്റ ചതവുള്‍പ്പെടെ ശരീരത്തില്‍ പതിമൂന്നിടത്ത് ക്ഷതമേറ്റിരുന്നതായും സൂചനയുണ്ട്. രഞ്ജിത്തിനെ മര്‍ദിച്ച സംഘത്തില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. ഇതില്‍ അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ സരസന്‍പിള്ളക്ക് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.

കേസില്‍ സി.പി.എം നേതാവ് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് ചവറ സി.ഐ ചന്ദ്രദാസിന് കൈമാറി. കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.