LiveTV

Live

Kerala

രാഹുല്‍ ഗാന്ധി ഈ മാസം പെരിയയിലെത്തും; കുടുംബത്തിനായുള്ള ധനസഹായഫണ്ട് ശേഖരണം ആരംഭിച്ചു

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളാണ് കാസർകോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്ന...

രാഹുല്‍ ഗാന്ധി ഈ മാസം പെരിയയിലെത്തും; കുടുംബത്തിനായുള്ള ധനസഹായഫണ്ട് ശേഖരണം ആരംഭിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് പെരിയയിലെത്തും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനായുള്ള ധനസഹായഫണ്ട് ശേഖരണം ആരംഭിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളാണ് കാസർകോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്ന ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കുന്നത്. കൃപേഷിന്‍റെ വീട് നിര്‍മാണവും ഇന്ന് തുടങ്ങി.

പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബ ധനസഹായ ഫണ്ട് ശേഖരണം ഇന്ന് പത്ത് മണി മുതലാണ് കാസർകോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്നത്. മഞ്ചേശ്വരം മുതല്‍ ചീമേനി വരെയുള്ള പഞ്ചായത്തുകളില്‍ നടന്ന പരിപാടിക്ക് യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നൽകി. കാസർകോട് ടൌണില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും നേതൃത്വം നൽകി. മഞ്ചേശ്വരത്ത് എം.കെ മുനീറും, കാഞ്ഞങ്ങാട് ഉമ്മന്‍ ചാണ്ടിയും, നീലേശ്വരത്ത് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നല്‍കി.

കൃപേഷിന്‍റെ കുടുംബത്തിനുള്ള വീടിന്റെ നിര്‍മാണവും തുടങ്ങി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിരോധ സംഗമം ഇന്ന് വൈകീട്ട് പെരിയയില്‍‌ നടക്കും. വരും ദിവസങ്ങളിലും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന വിവിധ പ്രതിഷേധ പരിപാടികള്‍ ജില്ലയില്‍ നടക്കും.