LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദത്തില്‍

സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദത്തില്‍

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദത്തില്‍. സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തില്‍ സി.പി.എം നേരിട്ട് ഇടപെടുന്നതിന്റെ തെളിവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാല് ദിവസം മുന്‍പ് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ ഇന്നലെയാണ് സര്‍ക്കാര്‍ മാറ്റിയത്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് നാല് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘത്തലവന്റെ മാറ്റം. കേസിലെ മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിനെ മാറ്റുന്നത്. ആരോഗ്യകാരണങ്ങളാലാണ് മാറ്റമെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. സി.പി.എം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേസന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴിയെടുത്തിരുന്നു. മൊഴിപ്രകാരം കേസുമായി ബന്ധപ്പെട്ട് പ്രാദേശിക - ജില്ലാതലത്തിലെ കൂടുതല്‍ സി.പി.എം പ്രവർത്തകരെയും നേതാക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് അന്വേഷണ സംഘത്തലവനെ മാറ്റുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസ് നേതൃത്വവും സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിൽക്കുകയാണ്. കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം സാബു മാത്യുവാണ് പുതിയ അന്വേഷണ സംഘത്തലവന്‍.

Also read: പെരിയ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

Also read: പെരിയ ഇരട്ടക്കൊല: അന്വേഷണ സംഘത്തിനെതിരെ കുടുംബം പരാതി നല്‍കി