LiveTV

Live

Kerala

37 മില്യൺ ഡോളറിന്റെ ഒത്തുതീര്‍പ്പിന് തയ്യാറായി ‘ഗോസ്പല്‍ ഫോര്‍ ഏഷ്യ’

എന്നാൽ ഫണ്ട് തട്ടിപ്പ്, സ്വജനപക്ഷപാതം എന്നിവ ആരോപിച്ച് എടുത്ത കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നത് കുറ്റസമ്മതമായി കാണരുതെന്ന് ഗോസ്പൽ ഫോർ ഏഷ്യ...

37 മില്യൺ ഡോളറിന്റെ ഒത്തുതീര്‍പ്പിന് തയ്യാറായി ‘ഗോസ്പല്‍ ഫോര്‍ ഏഷ്യ’

ഫണ്ട് തിരിമറി അടക്കമുള്ള കേസുകളില്‍ 37 മില്യൺ ഡോളറിന്റെ ഒത്ത് തീര്‍പ്പിന് തയ്യാറായി കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ. ഉദ്ദേശം 263 കോടി രൂപയുടെ ഒത്തു തീർപ്പ് ഹരജിയാണ് ഗോസ്പൽ ഫോർ ഏഷ്യ അമേരിക്കയിലെ അർക്കൻസാസ് കോടതിയിൽ സമർപ്പിച്ചത്. സംഭാവന നല്‍കിയവര്‍ക്ക് പണം തിരികെ നല്‍കാമെന്ന് കാട്ടി അര്‍ക്കന്‍സാസ് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാൽ ഫണ്ട് തട്ടിപ്പ്, സ്വജനപക്ഷപാതം എന്നിവ ആരോപിച്ച് എടുത്ത കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നത് കുറ്റസമ്മതമായി കാണരുതെന്ന് ഗോസ്പൽ ഫോർ ഏഷ്യ പ്രതികരിച്ചു.

2015ലാണ് അമേരിക്കയിലെ അര്‍ക്കന്‍സാസ് കോടതിയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കെതിരെയുള്ള പരാതി എത്തുന്നത്. വിവിധ ആളുകളില്‍ നിന്നായി സമാഹരിച്ച സംഭവാനകള്‍ വഴിമാറ്റി ചെലവഴിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരത്തില്‍ ലഭിക്കുന്ന തുകയുടെ 13 ശതമാനം മാത്രമാണ് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നള്ളൂവെന്ന് പരാതിക്കാരായ ഗാര്‍ലന്‍ഡും ഫിലക്സ് മര്‍ഫിയും ആരോപിച്ചു. കൂടാതെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഈ കേസ് തീര്‍പ്പാകാതെ മൂന്ന് വര്‍ഷമായി നീണ്ട് പോയ സാഹചര്യത്തിലാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ ഒത്ത് തീര്‍പ്പിന് നീക്കം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ 37 മില്യൺ അമേരിക്കൻ ഡോളര്‍ സംഭാവന നല്‍കിയവര്‍ക്ക് തിരികെ നല്‍കാമെന്നും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ പരാതിക്കാരെ ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. കേസ് നീണ്ട് പോകുന്നത് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം ഒത്ത് തീര്‍പ്പിന് തയ്യാറാകുന്നത് ഫണ്ട് തിരിമറി അടക്കമുള്ള കുറ്റങ്ങള്‍ സമ്മതിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും ഗോസ്പല്‍ ഫോര്‍ ഏഷ്യ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ഇനി കോടതിയില്‍ നിന്നാണ്. അനുകൂല നിലാപാട് ഉണ്ടായില്ലെങ്കില്‍ കെ.പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് അത് വലിയ തിരിച്ചടിയാകും.