LiveTV

Live

Kerala

ബ്രഹ്മപുരം പ്ലാന്റ് തീപിടുത്തം; മാലിന്യനീക്കം പുനരാരംഭിച്ചു

പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും അംഗീകരിച്ചു. ഇതോടെ ഇന്നലെ രാത്രിയോടെ മാലിന്യനീക്കം സാധാരണനിലയില്‍ പുനരാരംഭിച്ചു.

ബ്രഹ്മപുരം പ്ലാന്റ് തീപിടുത്തം; മാലിന്യനീക്കം പുനരാരംഭിച്ചു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് മന്ദഗതിയിലായ കൊച്ചി നഗരത്തിലെ മാലിന്യനീക്കം സാധാരണഗതിയിലായി. സുരക്ഷാകാര്യങ്ങളിലടക്കം പ്ലാന്റ് സ്ഥിതിചെയ്യുന്ന വടവുകോട് പഞ്ചായത്ത് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കോര്‍പ്പറേഷനും ജില്ലാഭരണകൂടവും അംഗീകരിച്ചു. നഗരത്തില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ നീക്കം ചെയ്യും.

കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി മാലിന്യനീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു. പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് വടവ്‌കോട് പഞ്ചായത്ത് മാലിന്യനീക്കത്തിനെതിരെ രംഗത്തെത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുക്കാതെയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. പ്ലാന്റിലേക്കെത്തിയ മാലിന്യവാഹനങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുകയും ചെയ്തു.

പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും അംഗീകരിച്ചു. ഇതോടെ ഇന്നലെ രാത്രിയോടെ മാലിന്യനീക്കം സാധാരണനിലയില്‍ പുനരാരംഭിച്ചു. പഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം പ്ലാന്റിന്റെ സുരക്ഷയ്ക്കായി ഒമ്പത് അധിക സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മാലിന്യത്തില്‍ നിന്നും ഊറി വരുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് പുനരാംഭിച്ചു.

പ്ലാന്റിന്റെ വിവിധ ഭാഗങ്ങളിലായി 10 സി.സി.ടി.വി ക്യാമറകള്‍ മാര്‍ച്ച് അഞ്ചിനകം സ്ഥാപിക്കും. അപകട സാഹചര്യങ്ങളില്‍ പുഴയില്‍ നിന്നും പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി മൂന്ന് മോട്ടോറുകള്‍ സ്ഥാപിക്കും. മാലിന്യം കൊണ്ടുപോകുന്ന കവചിതമല്ലാത്ത വാഹനങ്ങളും ലീക്ക് ചെയ്യുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്ത് നടപടി സ്വീകരിക്കും.

പ്ലാസ്റ്റിക്കിന്റെ വരവ് കുറയ്ക്കുന്നതിനും കിറ്റുകള്‍ നിരോധിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ സൗമിനി ജെയിനും അറിയിച്ചു. ഒരാഴ്ചയോളമായി മാലിന്യനീക്കം ഭാഗികമായി മാത്രം നടന്നതിനാല്‍ കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.