LiveTV

Live

Kerala

ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്

ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. 

 ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്

എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ ഒരു വിഭാഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് കൺവൻഷൻ ചേരും. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം.

ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് പാർട്ടി വിടുന്നവരുടെ നീക്കമെന്നാണറിയുന്നത്. കുറച്ച് നാളായി തിരുവനന്തപുരം ജില്ലയിലുൾപ്പെടെ ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പുതിയ പാർട്ടി രൂപവൽക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലെത്തിച്ചത്.

പാർട്ടിക്കുള്ളിലെ ചിലരുടെ ഏകാധിപത്യപരമായ നടപടികളാണ് പ്രശ്നമെന്ന് പാർട്ടി വിടുന്നവർ ആരോപിക്കുന്നത്. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാപ്രസിഡൻറായിരുന്ന ചൂഴാൽ നിർമ്മലനെ സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്ന് ബി.ഡി.ജെ.എസ് ജില്ലാകമ്മിറ്റിയിലുണ്ടായ പ്രശ്നങ്ങളാണ് തർക്കം രൂക്ഷമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി ഏറെ പ്രതീക്ഷ കൽപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. പുതിയ പാർട്ടി രൂപവൽകരണ സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ ഉദളഘാടനം ചെയ്യും. ഭാവി പരിപാടികൾക്ക് രൂപം നൽകാൻ ഒമ്പതംഗ ഭരണസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. എൻ.ഡി.എയിൽ തുടരണമോ എന്നതുൾപ്പെടെ കാര്യങ്ങൾ ഈ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.