LiveTV

Live

Kerala

സീറ്റ് വിഭജനം: ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പകരം പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വം ചില ഫോര്‍മുലകള്‍ മുന്നോട്ട് വെയ്ക്കും.

സീറ്റ് വിഭജനം: ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ലോക്സഭാ സീറ്റ് വിഭജനത്തില്‍ മുസ്‍ലിം ലീഗ് - കോണ്‍ഗ്രസ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോഴിക്കോട് നടക്കും. ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പകരം പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വം ചില ഫോര്‍മുലകള്‍ മുന്നോട്ട് വെയ്ക്കും. ലീഗുമായി ഇന്ന് ധാരണയായാലും പ്രഖ്യാപനം കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ ഉണ്ടാകൂ.

പതിവ് പോലെ മലപ്പുറവും പൊന്നാനിയും തന്നെ ലീഗ് ജനവിധി തേടും. മൂന്നാം സീറ്റിനായി അവസാനം വരെ നിലകൊണ്ടതായി അണികളെ ബോധ്യപ്പെടുത്തി കോണ്‍ഗ്രസ് നിര്‍ദേശത്തിന് ലീഗ് വഴങ്ങും. രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ സൂചനകള്‍ ഇതാണ്. പകരം കൂടുതല്‍ രാജ്യസഭാ സീറ്റും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി നാല് സീറ്റ് വരെയും ലീഗിന് നല്‍കുന്നതായിരിക്കും കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ഫോര്‍മുല. ലീഗിനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിത്തമടക്കമുള്ള ഉറപ്പുകളും നല്‍കാനിടയുണ്ട്.

വൈകുന്നേരം നടക്കുന്ന ചര്‍ച്ചയിലെ കൃത്യമായ ധാരണയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്ന ധാരണ ലീഗ് നേതാക്കള്‍ക്കിടയിലുമുണ്ട്. മൂന്നാം തീയതി കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും ഔദ്യോഗികമായുള്ള പ്രഖ്യാപനം. കൂടുതല്‍ സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ കടുത്ത നിലപാടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനകളും കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ ഇന്ന് നടത്തിയേക്കും.