LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങളില്ലെന്ന് ഇടതുമുന്നണി

15 സീറ്റുകളില്‍ സി.പി.എമ്മും, നാല് സീറ്റില്‍ സി.പി.ഐയും, ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ ജനതാദള്‍ എസിന്റെ സീറ്റിന്റെ കാര്യത്തിലെ അവ്യക്തത ഒഴിച്ചാല്‍

ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തര്‍ക്കങ്ങളില്ലെന്ന് ഇടതുമുന്നണി

ഇടതു മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സി.പി.എം- സി.പി.ഐ സംസ്ഥാന നേതൃത്വം. മുന്നണിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങളില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള സംരക്ഷണ യാത്രക്കു പിന്നാലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

15 സീറ്റുകളില്‍ സി.പി.എമ്മും, നാല് സീറ്റില്‍ സി.പി.ഐയും, ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ ജനതാദള്‍ എസിന്റെ സീറ്റിന്റെ കാര്യത്തിലെ അവ്യക്തത ഒഴിച്ചാല്‍ മറ്റ് രണ്ട് പാര്‍ട്ടികളുടേയും സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റ് ഇത്തവണ ജനതാദളിന് വലിയ താത്പര്യവുമില്ല. കോട്ടയത്തിന് പകരം മറ്റേതെങ്കിലും സീറ്റാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഉഭയകക്ഷി ചര്‍ച്ചയിലൂടെയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇടത് മുന്നണിയിലേക്ക് പുതുതായി എത്തിയവര്‍ക്ക് സീറ്റ് നല്‍കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി സീറ്റ് ചോദിച്ചിട്ടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ജാഥ സമാപിക്കുന്ന നാളെയോടെ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായേക്കാനാണ് മുന്നണി നേതൃത്വം അലോചിക്കുന്നത്. മൂന്ന്, നാല് തീയതികളില്‍ സി.പി.ഐ യുടെ സംസ്ഥാന നേതൃയോഗങ്ങളും അഞ്ചാം തീയതി മുതല്‍ എട്ടാം തീയതി വരെ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളും നടക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് രണ്ട് പാര്‍ട്ടികളുടേയും യോഗത്തിന്റെ പ്രധാന അജണ്ട.