LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല: അന്വേഷണ സംഘത്തിനെതിരെ കുടുംബം പരാതി നല്‍കി

ആസൂത്രണം ചെയ്യുന്നവരെ രക്ഷപ്പെടാനും പിടിയിലുള്ളവരെ വെറുതെ വിടാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുടുംബം ആരോപിച്ചു.

പെരിയ ഇരട്ടക്കൊല: അന്വേഷണ സംഘത്തിനെതിരെ കുടുംബം പരാതി നല്‍കി

പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കി. സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മവുമായുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ധീരസ്മൃതി യാത്ര ആരംഭിച്ചു. കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമായാല്‍ മറുപടി പറയാന്‍ പാര്‍ട്ടിക്കറിയാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

സി.പി.എം പ്രവര്‍ത്തകനായ പീതാംബരന്‍ ഉള്‍പ്പെടെ ഏഴ് പേരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരുടെ പങ്കില്ലാതെ കൃത്യം നടത്താനും കൊലപാതകം ആസൂത്രണം ചെയ്യാനും കഴിയില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തൃപ്തികരമായിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവസ്ഥലത്തെത്തിയത്.

സാമ്പത്തിക സഹായം നല്‍കിയ ക്വാറിയുടമ ശാസ്താ ഗംഗാധരന്‍, ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കെതിരെ ക്രൈംബാഞ്ചിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് സാക്ഷികളെ ചോദ്യം ചെയ്‌തെങ്കിലും മൊഴികള്‍ രേഖപെടുത്തുന്നതില്‍ അന്വേഷണ സംഘം താല്‍പര്യം കാണിച്ചില്ലെന്നും പരാതിയിലുണ്ട്. പ്രതികളെല്ലാം ഭരണകക്ഷിയില്‍ പെട്ടവരും സി.പി.എം അനുഭാവികളുമായിരിക്കെ കേസ് സി.ബി.ഐക്ക് വിടണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. അതിനിടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായുള്ള യൂത്ത് കോണ്‍ഗ്രസിന്റ് ധീരസ്മൃതിയാത്ര പെരിയയില്‍ നിന്ന് ആരംഭിച്ചു.

എന്നാല്‍ പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് പെരിയയില്‍ നടന്ന വിശദീകരണ യോഗത്തിലും സി.പി.എം ആവര്‍ത്തിച്ചു. കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.